യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഥാനി അൽ സയൂദി
ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ എണ്ണയിതര വ്യാപാരം രൂപയിലാക്കാൻ ചർച്ച നടക്കുന്നതായി യു.എ.ഇ വിദേശവ്യാപാര സഹമന്ത്രി ഥാനി അൽ സയൂദിയുടെ വെളിപ്പെടുത്തൽ. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലെ ദാവോസിലെത്തിയ അദ്ദേഹം വിദേശമാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ രൂപക്കും സമ്പദ്വ്യവസ്ഥക്കും ഏറെ ഗുണകരമാകുന്ന തീരുമാനമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ വ്യാപാരം യു.എസ് ഡോളറിലാണ് നടക്കുന്നത്.
പരസ്പരം സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് രൂപയിലും ദിർഹമിലും വ്യാപാരം സാധ്യമാക്കാനാണ് ചർച്ച പുരോഗമിക്കുന്നത്. അതേസമയം, ചർച്ച പ്രാഥമികഘട്ടം മാത്രമാണ് പിന്നിട്ടതെന്നും അൽ സയൂദി പറഞ്ഞു. എന്നാൽ എണ്ണവ്യാപാരം രൂപയിലാക്കാൻ ആലോചനയില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ദിവസങ്ങൾക്കുമുമ്പ് സൗദിയും ഡോളർ അല്ലാത്ത കറൻസികളിൽ വിവിധ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നത് സംബന്ധിച്ച ചർച്ചകൾക്ക് സന്നദ്ധമാണെന്ന് വെളിപ്പെടുത്തിയിരുന്നു. സൗദി ധനകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് അൽ ജാസാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, ഏകദേശം 64 ശതകോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിലൂടെ 2021ൽ യു.എ.ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. നിർണായക രാജ്യങ്ങളുമായി വ്യാപാരം വർധിപ്പിക്കാൻ യു.എ.ഇ ശ്രമിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി കഴിഞ്ഞവർഷം സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) ഒപ്പുവെച്ചിട്ടുമുണ്ട്. ഇന്തോനേഷ്യ, തുർക്കി, ഇസ്രായേൽ, യുക്രെയ്ൻ എന്നീ രാജ്യങ്ങളുമായി വിവിധ സഹകരണ കരാറുകൾ ഒപ്പുവെച്ചു.
വരും മാസങ്ങളിൽ കംബോഡിയയുമായും ജോർജിയയുമായും സമാന കരാറുകളിൽ ഒപ്പുവെക്കാൻ അന്തിമരൂപമായിട്ടുണ്ടെന്നും അൽ സയൂദി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
ഈ നീക്കങ്ങളെല്ലാം സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യംവെച്ച് നടപ്പാക്കുന്നതാണ്.
രൂപയിലും ദിർഹമിലും വ്യാപാരം ആരംഭിക്കുന്നത് ഇരു രാജ്യങ്ങൾക്കും വലിയ നേട്ടമാകുമെന്ന കണക്കുകൂട്ടലാണ് വിദഗ്ധർ പങ്കുവെക്കുന്നത്.
ക്രിപ്റ്റോകറൻസി മേഖല വികസിപ്പിക്കും -മന്ത്രി
ദുബൈ: യു.എ.ഇ വ്യാപാരത്തിൽ ക്രിപ്റ്റോകറൻസി പ്രധാന പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനാൽ മേഖല വികസിപ്പിക്കുമെന്നും യു.എ.ഇ വിദേശവ്യാപാര സഹമന്ത്രി ഥാനി അൽ സയൂദി. ക്രിപ്റ്റോ കറൻസിയുടെയും ക്രിപ്റ്റോ കമ്പനികളുടെയും കാര്യത്തിൽ ആവശ്യമായ നിയന്ത്രണരീതികളും നിയമവും കെട്ടിപ്പടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ പ്രമുഖ ക്രിപ്റ്റോ കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാൻ നിലവിൽ തന്നെ യു.എ.ഇക്ക് സാധിച്ചിട്ടുണ്ട്. ഭാവിയിൽ കൂടുതൽ സാമ്പത്തിക ക്രയവിക്രയങ്ങൾ ഈ രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.