സഹപ്രവര്‍ത്തകയെ വാട്‌സ്ആപ് വോയ്സിലൂടെ അപമാനിച്ചു; 13ലക്ഷം പിഴ അടക്കാന്‍ യുവതിയോട് കോടതി

അബൂദബി: മുന്‍ സഹപ്രവര്‍ത്തകക്ക് വാട്‌സ്ആപ്പിലൂടെ അപകീര്‍ത്തികരമായ വോയ്സ് സന്ദേശം അയച്ച യുവതിക്ക് 13 ലക്ഷം രൂപ പിഴയിട്ടു. അബൂദബി ക്രിമിനല്‍ കോടതിയാണ് 30,000 ദിര്‍ഹം പിഴയും, പുറമെ പരാതിക്കാരിക്ക് താല്‍ക്കാലിക നഷ്ടപരിഹാരമായി 21,000 ദിര്‍ഹം നല്‍കാനും ഉത്തരവിട്ടത്. 

തുടര്‍ച്ചയായി ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിലുള്ള ദേഷ്യത്തിലാണ് വോയ്സ് നോട്ട് അയച്ചതെന്ന് പ്രതി സമ്മതിച്ചെങ്കിലും സന്ദേശത്തിലെ മോശം ഭാഷ യു.എ.ഇയിലെ സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവം നോക്കിയല്ല നിയമം പ്രവര്‍ത്തിക്കുന്നതെന്നും സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് നിയമപരമായ ഇളവുകള്‍ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി.

ഡിജിറ്റല്‍ മാധ്യമങ്ങള്‍ വഴിയുള്ള ആശയവിനിമയങ്ങളില്‍ പുലര്‍ത്തേണ്ട മാന്യതയെയും ഡിജിറ്റല്‍ ഉത്തരവാദിത്തത്തെയും ഓര്‍മിപ്പിക്കുന്നതാണ് കോടതി വിധി. ഫോണ്‍ കോള്‍ എടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കേസിനാസ്പദമായത്. പരാതിക്കാരി ഫോണ്‍ എടുക്കാതിരുന്നതോടെ പ്രതി ദേഷ്യം നിയന്ത്രിക്കാനാവാതെ മോശം പദപ്രയോഗങ്ങള്‍ അടങ്ങിയ വോയ്സ് സന്ദേശം അയക്കുകയായിരുന്നു.

വര്‍ഷങ്ങളായുള്ള തങ്ങളുടെ സൗഹൃദത്തിന്റെ പശ്ചാത്തലത്തില്‍ ദേഷ്യം വന്നപ്പോള്‍ പ്രതികരിച്ചതാണെന്നും അപമാനിക്കാന്‍ ബോധപൂര്‍വം ചെയ്തതല്ലെന്നും പ്രതി കോടതിയില്‍ വാദിച്ചെങ്കിലും ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മെസ്സേജിങ് ആപ്പുകളിലൂടെയും ആശയവിനിമയം നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം പ്ലാറ്റ്ഫോമുകളിലെ സന്ദേശങ്ങള്‍ സൈബര്‍ നിയമപ്രകാരം അന്തിമ തെളിവുകളായി സ്വീകരിക്കപ്പെടുമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - Woman humiliated through WhatsApp voice note; Court orders her to pay Dh51,000 fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.