അജ്മാന്: ഈ വർഷം ആദ്യ പാദത്തിൽ അജ്മാൻ ചേംബർ അംഗത്വത്തിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തി. പുതിയതും പുതുക്കിയതുമായ അംഗങ്ങളുടെ എണ്ണം 10,430 ആയി ഉയർന്നു. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് മികച്ച വളർച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. അജ്മാൻ എമിറേറ്റിലെ ബിസിനസ്, നിക്ഷേപ അന്തരീക്ഷത്തിൽ വർധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ നിലവാരമാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്.
2024ലെ ആദ്യ പാദത്തിലെ 1,630ൽനിന്ന് പുതിയ അംഗത്വങ്ങൾ 15 ശതമാനം വർധിച്ച് 1,873 ആയി. അതേസമയം പുതുക്കിയ അംഗത്വം മൂന്നുശതമാനം കൂടുതൽ വർധിച്ച് 8,271ൽ നിന്ന് 8,557 ആയി. ഒരു പ്രമുഖ നിക്ഷേപ ആകർഷണ കേന്ദ്രമെന്ന നിലയിൽ എമിറേറ്റിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനായി അജ്മാൻ ചേംബർ സ്വീകരിച്ച സമഗ്ര പദ്ധതിയുടെ ഫലമായാണ് അംഗത്വത്തിലെ വളർച്ച. വ്യവസായം, വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്റ്റേറ്റ്, നിർമാണം തുടങ്ങിയ സുപ്രധാന മേഖലകളിലെ പ്രത്യേക പ്രദർശനങ്ങളിലും പരിപാടികളിലും രാജ്യത്തിനകത്തും പുറത്തും വർധിച്ചുവരുന്ന സജീവ പങ്കാളിത്തത്തിലൂടെയാണ് ഇത് കൈവരിക്കുന്നത്.
വ്യാപാര, സാമ്പത്തിക പ്രതിനിധി സംഘങ്ങളെ സ്വീകരിക്കുന്നതിനും അനുഭവങ്ങളുടെ കൈമാറ്റത്തിനും സഹകരണ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും സഹായിക്കുന്ന പ്രത്യേക ഫോറങ്ങളും വർക്ക്ഷോപ്പുകളും നടത്തുന്നുണ്ട്. ഇത് ചേംബറിന്റെ അംഗത്വത്തിലെ വർധനവിലും കൂടുതൽ കമ്പനികളുടെയും നിക്ഷേപകരുടെയും ആകർഷണത്തിലും നേരിട്ട് പ്രതിഫലിച്ചതായി അജ്മാന് ചേംബര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.