ദുബൈ: അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വഴി ആരംഭിക്കാനിരുന്ന ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം വൈകുന്നതിനെത്തുടർന്ന് യു.എ.ഇയിലെ ഇന്ത്യൻ മിഷനുകൾ കോൺസുലാർ സേവനങ്ങളിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന അപേക്ഷകർക്കുള്ള സേവനം പൂർണമായും നിർത്തിവച്ചു. എന്നാൽ, അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ ഒമ്പതുമണി മുതൽ 11 മണി വരെ പരിമിതമായ തോതിൽ നേരിട്ടെത്തിയുള്ള സേവനങ്ങൾ ലഭ്യമായിരിക്കും. അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് പുതിയ നടപടി.
പുതിയ പരിഷ്കാരപ്രകാരം കോൺസുലേറ്റിലേക്ക് പ്രവേശിക്കാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കൽ നിർബന്ധമാണ്. അപേക്ഷകർക്ക് book.passportindiauae.com എന്ന പുതിയ പോർട്ടൽ വഴി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാം. തൊട്ടടുത്ത ദിവസത്തെ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റുകൾ എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് പോർട്ടലിൽ ലഭ്യമാകും. രാവിലെ ഒമ്പതുമണി മുതൽ ഉച്ച ഒരു മണി വരെയുള്ള സ്ലോട്ടുകളിലേക്കാണ് ബുക്കിങ് അനുവദിക്കുക.
തിരക്ക് ഒഴിവാക്കാൻ അപേക്ഷകരെ അവരുടെ സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കൂ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾക്കു മാത്രമേ ഒപ്പം മറ്റുള്ളവരെ അനുവദിക്കൂ.
അബൂദബി എംബസിയിൽ കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി അൽ സഫാറാത്ത് സ്ട്രീറ്റിലുള്ള പ്രധാന കൺസുലാർ ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. എന്നാൽ, രേഖകൾ കൈപ്പറ്റുന്നതുൾപ്പെടെയുള്ള മറ്റ് അന്വേഷണങ്ങൾക്ക് അൽ ഇഷിറാ സ്ട്രീറ്റിലെ ഗാർഡിയൻ ടവറിലുള്ള കോൺസുലാർ വിങ്ങുമായി ബന്ധപ്പെടണം. ദുബൈ കോൺസുലേറ്റിൽ എത്തുന്നവർ ഗേറ്റ് നമ്പർ ഒന്ന് വഴിയാണ് പ്രവേശിക്കേണ്ടത്. നവജാതശിശുക്കൾക്കും, നാട്ടിലേക്ക് മടങ്ങാൻ താൽക്കാലിക യാത്രാരേഖയായ എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവർക്കും ഓഫീസുകളിൽ മുൻഗണന ലഭിക്കും.
അപേക്ഷകൾ വേഗത്തിൽ പ്രോസസ് ചെയ്യുന്നതിനായി പൂർണമായി പൂരിപ്പിച്ച ഫോമും ആവശ്യമായ അനുബന്ധ രേഖകളും സഹിതം വേണം അപേക്ഷകർ എത്താൻ. പാസ്‌പോർട്ട് അപേക്ഷകൾ mportal.passportindia.gov.in/mission/ എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി പൂരിപ്പിക്കാം. ഫോട്ടോയും ഒപ്പും വെളുത്ത പശ്ചാത്തലത്തിൽ വ്യക്തതയോടെ വേണം അപ്‌ലോഡ് ചെയ്യാൻ. അപേക്ഷാ ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ കൃത്യമായ തുക കൈയിൽ കരുതണം. 2026 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ പാസ്‌പോർട്ട് ഫീസ് ആണ് നിലവിലുള്ളതെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.