അബൂദബി: ഇത്തിഹാദ് റെയില്‍ യാത്രാ സര്‍വീസുകള്‍ക്കായി വിപുലമായ സുരക്ഷാ യാത്രാ ചട്ടങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍, ടിക്കറ്റ് നിബന്ധനകള്‍, യാത്രാ തടസ്സങ്ങള്‍ നേരിടുമ്പോഴുള്ള നഷ്ടപരിഹാരങ്ങള്‍ എന്നിവ വ്യക്തമാക്കുന്നതാണ് പുതിയ ചട്ടങ്ങള്‍. റെയില്‍വേ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുകയോ സുരക്ഷാ ഭീഷണി ഉയര്‍ത്തുകയോ ചെയ്യുന്ന യാത്രക്കാരെ ട്രെയിനില്‍നിന്നോ സ്റ്റേഷനില്‍നിന്നോ ഉടനടി പുറത്താക്കാന്‍ അധികാരം നല്‍കുന്നതാണ് ചട്ടങ്ങള്‍. നിയമലംഘനം നടത്തുന്നവര്‍ക്ക് യാത്രാ വിലക്ക്, പിഴ, മറ്റ് സിവില്‍ ക്രിമിനല്‍ നടപടികള്‍ എന്നിവ നേരിടേണ്ടിവരും. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ടിക്കറ്റ് തുക തിരികെ ലഭിക്കില്ല.
സ്റ്റേഷനുകളില്‍ സുരക്ഷാ പരിശോധനക്ക് വിസമ്മതിക്കുക, ജീവനക്കാരോട് മോശമായി പെരുമാറുക, അക്രമസ്വഭാവം കാണിക്കുക, സുരക്ഷാ ഉപകരണങ്ങളില്‍ കേടുപാടുകള്‍ വരുത്തുക, പുകവലിക്കുക, തീപിടിക്കുന്നതോ സ്‌ഫോടക സ്വഭാവമുള്ളതോ ആയ നിരോധിത വസ്തുക്കള്‍ കൈവശം വെക്കുക തുടങ്ങിയവ നിയമലംഘനത്തിന്റെ പരിധിയില്‍ വരും. യാത്രക്കാര്‍ കൃത്യമായ തീയതിയും സമയവും പേരുമുള്ള സാധുവായ ടിക്കറ്റുകള്‍ കൈവശം വെക്കണം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരില്‍നിന്ന് ഫ്‌ളെക്‌സിബിള്‍ ഫെയര്‍ നിരക്കില്‍ തുക ഈടാക്കും. യാത്ര നീട്ടണമെന്നുണ്ടെങ്കില്‍ ട്രെയിന്‍ മാനേജര്‍ വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റ് പുതുക്കാം.
ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങുകയോ വൈകുകയോ ചെയ്താല്‍ യാത്രക്കാര്‍ക്ക് ഇമെയില്‍, എസ്.എം.എസ്, വാട്‌സ്ആപ്പ്, സ്റ്റേഷന്‍ ഡിസ്േപ്ല എന്നിവ വഴി അടിയന്തര വിവരങ്ങള്‍ നല്‍കും. ട്രെയിന്‍ പുറപ്പെടാന്‍ 30 മിനിറ്റില്‍ കൂടുതല്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് ടിക്കറ്റ് റദ്ദാക്കി പൂര്‍ണ തുക റീഫണ്ട് വാങ്ങുകയോ മറ്റൊരു സര്‍വീസിലേക്ക് ടിക്കറ്റ് മാറ്റുകയോ ചെയ്യാം. ട്രെയിന്‍ റദ്ദാക്കുകയാണെങ്കില്‍ ബദല്‍ യാത്രാ സൗകര്യം ഒരുക്കും. യാത്ര തുടങ്ങിയ ശേഷമാണ് തടസമുണ്ടാകുന്നതെങ്കില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ചുമതല ഇത്തിഹാദ് റെയില്‍ സൗജന്യമായി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.