അബൂദബി: യാസ് ഐലന്‍ഡിലെ മൂന്ന് പ്രധാന കേന്ദ്രങ്ങളില്‍ 'ടിക്കറ്റ് ലെസ്' പെയിഡ് പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പ്രമുഖ പാര്‍ക്കിങ് ഓപറേറ്ററായ 'പാര്‍ക്കോണികു' മായി സഹകരിച്ച് വെസ്റ്റ് യാസ് പ്ലാസ, യാസ് ബേ, യാസ് മറീന എന്നിവിടങ്ങളിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നത്. നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതികവിദ്യ വഴി വാഹനങ്ങളുടെ പാര്‍ക്കിങ് ഫീസ് ഡ്രൈവര്‍മാരുടെ 'സാലിക്' അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഈടാക്കും. ഇതുവഴി വാഹനങ്ങള്‍ക്ക് തടസ്സമില്ലാതെ പാര്‍ക്കിങ് ഏരിയകളില്‍ പ്രവേശിക്കാനും പുറത്തുപോകാനും സാധിക്കും.
മൂന്ന് കേന്ദ്രങ്ങളിലെയും പാര്‍ക്കിങ് നിരക്കുകളും വ്യവസ്ഥകളും ഇങ്ങനെ:
വെസ്റ്റ് യാസ് പ്ലാസ: ഇവിടെ പ്രതിദിനം ആദ്യത്തെ ഒരു മണിക്കൂര്‍ പാര്‍ക്കിങ് സൗജന്യമായിരിക്കും. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 ദിര്‍ഹം വീതം ഈടാക്കും. പുലര്‍ച്ചെ ഒരുമണി മുതല്‍ ആറുമണി വരെയുള്ള ഓവര്‍നൈറ്റ് പാര്‍ക്കിങ്ങിന് മണിക്കൂറിന് 20 ദിര്‍ഹവും 24 മണിക്കൂറിലധികം പാര്‍ക്ക് ചെയ്താല്‍ തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 20 ദിര്‍ഹം വീതവുമായിരിക്കും നിരക്ക്. ഇവിടെ പണം നേരിട്ട് സ്വീകരിക്കുന്ന കൗണ്ടറുകളോ പാര്‍ക്കിങ് മെഷീനുകളോ ഉണ്ടായിരിക്കില്ല. പൊതുഅവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ ഏഴു ദിവസവും പാര്‍ക്കിങ് ഫീസ് ബാധകമാണ്. സൗജന്യ പാര്‍ക്കിങ് സമയം ഉപയോഗപ്പെടുത്തിയ ശേഷം വീണ്ടും പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് രണ്ടാമത് സൗജന്യ പാര്‍ക്കിങ് ആനുകൂല്യം ലഭിക്കില്ല.
യാസ് ബേ: യാസ് ബേയിലെ പി1, പി2 ഭൂഗര്‍ഭ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ ആദ്യ മണിക്കൂര്‍ മുതല്‍ തന്നെ പാര്‍ക്കിങ് ഫീസ് ഈടാക്കും. ആദ്യ മണിക്കൂറിന് 20 ദിര്‍ഹവും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 ദിര്‍ഹവുമാണ് നിരക്ക്. ഓവര്‍നൈറ്റ് പാര്‍ക്കിങ്ങിനും (പുലര്‍ച്ചെ ഒരുമണി മുതല്‍ ആറു വരെ) 24 മണിക്കൂര്‍ പരിധി കഴിഞ്ഞുള്ള പാര്‍ക്കിങ്ങിനും മണിക്കൂറിന് 20 ദിര്‍ഹം വീതം നല്‍കണം. അതേസമയം, നിശ്ചിത വ്യവസ്ഥകള്‍ക്ക് വിധേയമായി സന്ദര്‍ശകര്‍ക്ക് വാലിഡേഷനിലൂടെ മൂന്നു മണിക്കൂര്‍ വരെ സൗജന്യ പാര്‍ക്കിങ് അനുവദിക്കും. വെയര്‍ഹൗസ് ജിം, യാസ് ബേ ബീച്ച് എന്നിവിടങ്ങളില്‍ എത്തുന്നവര്‍ക്ക് പ്രവര്‍ത്തന സമയങ്ങളില്‍ വാലിഡേഷനിലൂടെ ആറു മണിക്കൂര്‍ വരെ സൗജന്യ പാര്‍ക്കിങ് ലഭിക്കും. പൊതുഅവധി ദിവസങ്ങള്‍ ഉള്‍പ്പെടെ ആഴ്ചയില്‍ മുഴുവന്‍ ദിവസങ്ങളിലും ഈ നിരക്കുകള്‍ ബാധകമാണ്.
യാസ് മറീന: ഇവിടെയും ആദ്യ മണിക്കൂര്‍ മുതല്‍ പാര്‍ക്കിങ് നിരക്കുകള്‍ ബാധകമായിരിക്കും. ആദ്യ മണിക്കൂറിന് 20 ദിര്‍ഹവും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 10 ദിര്‍ഹവുമാണ് നിരക്ക്. പുലര്‍ച്ചെ 1 മുതല്‍ 6 വരെയുള്ള ഓവര്‍നൈറ്റ് പാര്‍ക്കിങ്ങിനും 24 മണിക്കൂര്‍ കഴിഞ്ഞുള്ള പാര്‍ക്കിങ്ങിനും മണിക്കൂറിന് 20 ദിര്‍ഹം വീതം ഈടാക്കും. വാലിഡേഷന്‍ പൂര്‍ത്തിയാക്കുന്ന സന്ദര്‍ശകര്‍ക്ക് മൂന്നു മണിക്കൂറും ജിം ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തന സമയങ്ങളില്‍ ആറുമണിക്കൂറും സൗജന്യ പാര്‍ക്കിങ് ആനുകൂല്യം ഉണ്ടായിരിക്കും.
സാലിക് അക്കൗണ്ട് ഇല്ലാത്തവരോ അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സ് ഇല്ലാത്തവരോ ആയ വാഹന ഉടമകള്‍ പാര്‍ക്കിങ് ഏരിയക്ക് പുറത്തുപോകുന്നതിന് മുമ്പ് മറ്റ് പെയ്മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നിര്‍ബന്ധമായും തുക അടക്കണം. പാര്‍ക്കിങ് ഫീസ് അടക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ പിഴ, ബ്ലാക്ക് ലിസ്റ്റിങ്, നിയമ നടപടികള്‍ എന്നിവ ഉണ്ടായിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.