അബൂദബി: സ്വാതന്ത്ര്യം ഹനിക്കുന്നതിനുള്ള ശിക്ഷകളെക്കുറിച്ച് സമൂഹമാധ്യമത്തില്‍ ബോധവത്കരണവുമായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങി ഏതെങ്കിലും വിധത്തില്‍ മറ്റൊരാളുടെ സ്വാതന്ത്ര്യം നേരിട്ടോ ഇടനിലക്കാര്‍ മുഖേനയോ ഇല്ലാതാക്കിയാല്‍ തടവുശിക്ഷ ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കൃത്യനിര്‍വഹണത്തിനിടെ പൊതുപ്രവര്‍ത്തകനെതിരെ അതിക്രമം ഉണ്ടായി അദ്ദേഹം കൊല്ലപ്പെടുകയാണെങ്കില്‍ വധശിക്ഷയാവും പ്രതിക്കു ലഭിക്കുക. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവർക്കും വിവരം മറച്ചുവെക്കുന്നവര്‍ക്കും കൃത്യം ചെയ്യുന്നവര്‍ക്കു നല്‍കുന്ന അതേ ശിക്ഷതന്നെയാവും നല്‍കുക. പൊതുജനങ്ങള്‍ക്കിടയില്‍ രാജ്യത്തെ നിയമങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നല്‍കുകയാണ് പബ്ലിക് പ്രോസിക്യൂഷൻ കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്.
ജീവപര്യന്തം ലഭിക്കുന്ന കുറ്റങ്ങൾ:
• മറ്റൊരാളെന്ന വ്യാജേന ബന്ധപ്പെടുകയോ ഔദ്യോഗിക കാര്യങ്ങള്‍ നിര്‍വഹിക്കുകയോ ചെയ്യുക
• ബലംപ്രയോഗിച്ചോ വധഭീഷണി മുഴക്കിയോ ദേഹോപദ്രവം ഏൽപിച്ചോ ശാരീരികമോ മാനസികമോ ആയി പീഡിപ്പിക്കുക
• രണ്ടോ അതിലധികമോ സായുധരായ ആളെക്കൂട്ടി കൃത്യം നടത്തുക
• ഒരു മാസത്തില്‍ കൂടുതല്‍ കാലം ഒരാളെ തട്ടിക്കൊണ്ടുപോവുകയോ പിടിച്ചുവെക്കുകയോ ചെയ്ത് സ്വാതന്ത്ര്യം നിഷേധിക്കുക
• ഇര വനിതയോ പ്രായപൂര്‍ത്തിയാവാത്തയാളോ മാനസിക വിഭ്രാന്തിയുള്ളയാളോ ബലഹീനനോ നിശ്ചയദാർഢ്യ വിഭാഗത്തിൽപെട്ടയാളോ ആണെങ്കില്‍ ജീവപര്യന്തം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.