അനധികൃത മത്സ്യബന്ധനം; ഫുജൈറയിൽ ആറ് ബോട്ടുകൾ പിടിയിൽ

ഫുജൈറ: എമിറേറ്റിലെ ബേർഡ്​ ഐലന്‍റ്​ റിസർവിൽ നിന്നും നിയമം ലംഘിച്ച്​ മത്സ്യബന്ധനം നടത്തിയ ആറ് ബോട്ടുകൾ ഫുജൈറ പരിസ്ഥിതി അതോറിറ്റി (എഫ്.ഇ.എ) പിടിച്ചെടുത്തു. അധികൃതർ ദ്വീപിൽ നടത്തിയ പരിശോധനയിലാണ്​ ബോട്ടുകൾ പിടികൂടിയത്​. സംരക്ഷിത മേഖലകളിൽ അനധികൃതമായി മത്സ്യബന്ധനം നടത്തുന്നത് ഭക്ഷ്യ ശൃംഖലകൾ, മത്സ്യസമ്പത്ത്, പവിഴപ്പുറ്റുകൾ എന്നിവക്ക് പ്രതികൂലമാകുമെന്ന്​ അധികൃതർ ഓർമിപ്പിച്ചു.

നിയമലംഘനങ്ങൾ പിടികൂടാനായി സംരക്ഷിത പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്​തമാക്കിയിട്ടുണ്ടെന്ന് എഫ്.ഇ.എ മേധാവി അസില അൽ മുഅല്ല പറഞ്ഞു. സമുദ്ര സംരക്ഷണ മേഖലകളിൽ മത്സ്യബന്ധനം നടത്തുന്നത് ഗുരുതര പാരിസ്ഥിതിക ലംഘനമാണ്. നിയമലംഘകർക്കെതിരെ കർശന നടപടികളെടുക്കും. കടൽജീവികളെ ദോഷകരമായി ബാധിക്കുകയും സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നതുമായ പ്രവർത്തനങ്ങളെക്കുറിച്ച് താമസക്കാർ, മുങ്ങൽ വിദഗ്ധർ എന്നിവരിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളിൽ ഉടനടി നടപടി സ്വീകരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.

സംരക്ഷണ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അതോറിറ്റി അതീവ പ്രാധാന്യം നൽകുന്നുണ്ട്. അപൂർവ പവിഴപ്പുറ്റുകൾ, ചെറു മത്സ്യങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന ജീവികൾ എന്നിവയുടെ ആവാസവ്യവസ്ഥയാണ് ഇത്തരം കേന്ദ്രങ്ങൾ. ഡൈവിങ് സൈറ്റുകൾക്ക് സമീപം മത്സ്യബന്ധനത്തിലേർപ്പെടുന്നതും അപകട സാധ്യത വർധിപ്പിക്കുന്നു. സംരക്ഷിത പ്രദേശങ്ങളുടെ നിലനിൽപ് പാരിസ്ഥിതിക സുസ്ഥിരതക്ക് അത്യന്താപേക്ഷിതമാണ്.

സമുദ്ര ആവാസവ്യവസ്ഥയുടെ ദീർഘകാല സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിലും ഭക്ഷ്യസുരക്ഷയെ പിന്തുണക്കുന്നതിലും ഇത് നിർണായക ഘടകവുമാണ്. സമുദ്ര പരിസ്ഥിതി അപകടത്തിലാക്കുന്ന നിയമലംഘനങ്ങളോട് സഹിഷ്ണുതയുണ്ടാകില്ല. ഭാവി തലമുറകൾക്കായി എമിറേറ്റിലെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Illegal fishing; Six boats seized in Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.