ഷൗക്ക് മലനിരകളിൽനിന്ന് ശേഖരിച്ച മാലിന്യങ്ങളുമായി യു.എ.ഇയിലെ ഹൈക്കിങ്
കമ്യൂണിറ്റി അംഗങ്ങൾ
ദുബൈ: പ്രകൃതി സംരക്ഷണ രംഗത്ത് പുത്തൻ മാതൃക തീർത്ത് ഒരു കൂട്ടം പ്രവാസികൾ. ഷൗക്ക മലനിരകളിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ വൃത്തിയാക്കി യു.എ.ഇയിലെ ഹൈക്കിങ് കമ്യൂണിറ്റി. യു.എ.ഇയിലെ പ്രമുഖ ഹൈക്കിങ് സ്ഥാപനമായ ഗ്രീൻവേ അഡ്വഞ്ചേഴ്സിന്റെ നേതൃത്വത്തിൽ പുലർച്ചെ 5.15ന് ആരംഭിച്ച ശുചീകരണ ദൗത്യം പൂർത്തിയായത് രാത്രി 9.30നാണ്. പ്രകൃതിയെ സ്നേഹിക്കുന്ന 50ലധികം ആളുടെ സഹകരണവും ദൗത്യത്തിന് കരുത്തുപകർന്നു. പ്രകൃതിയെ ആസ്വദിക്കാൻ എത്തുന്നവർക്ക് ഒരു വലിയ സന്ദേശം നൽകികൊണ്ട് ഷൗക്കയിൽ നിന്നും ഇവർ ശേഖരിച്ചത് മാലിന്യത്തിന്‍റെ വൻ ശേഖരമാണ്.
ഷൗക്കയിലെ സ്വദേശികളുടെ പങ്കാളിത്തം കൂടി ചേർന്നതോടെ ദൗത്യം കൂടുതൽ മനോഹരമായതായി പരിപാടിയുടെ മുഖ്യ സംഘാടകനായ നാസർ ഹുസൈൻ പറഞ്ഞു. ഹൈക്കിങ് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ വിവിധ മലമുകളിൽ ശുചീകരണ ദൗത്യം നടത്തുന്നത് ഇത് നാലാം തവണയാണ്. സാധാരണയായി സീസണിന്‍റെ തുടക്കത്തിലും അവസാനത്തിലും ഇത്തരം പ്രവർത്തനങ്ങൾ നടത്താറുണ്ടെന്നും നാസർ ഹുസൈൻ പറയുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോരുത്തരുടെയും പങ്കാളിത്തവും സ്നേഹവും ഈ ദിനത്തെ വേറിട്ടതാക്കി. മൊറോക്കോയിലെ തബുകൽ 3500 മീറ്റർ വരെ വിന്‍റർ എക്സ്പെഡിഷൻ പൂർത്തിയാക്കിയ ഇയാ കൃഷ് എന്ന ഏഴു വയസുകാരിയും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു.
ഇത്തരം ചെറിയ പ്രവർത്തനങ്ങൾ പോലും പ്രകൃതിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് നാസർ കൂട്ടിച്ചേർത്തു. എഫ്.സി, ദുബൈ വാക്കിസ്, രാക് മംസ്, ഹൈക് രാക് ആസ് -1, അഡ്വെഞ്ചർ നക്സ്റ്റ്, ഹിന്ദ് ഹൈക്കേഴ്സ് എന്നീ കൂട്ടായ്മകളുടെ അകമഴിഞ്ഞ പിന്തുണയും ദൗത്യത്തിന് ലഭിച്ചിരുന്നു. ശുചീകരണ ദൗത്യത്തിൽ പങ്കെടുത്തവർക്ക് ഗ്രീൻവേ ട്രാവൽ ആൻഡ് ടൂറിസവും എക്സാസ്റ്റണും ചേർന്ന് റാഫിൽ ഡ്രോ സമ്മാന പദ്ധതിയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.