ഹുസൈൻ പടിഞ്ഞാർ
ദുബൈ: സേവന പാതയിൽ രണ്ടര പതിറ്റാണ്ട് പിന്നിടുന്ന കാസർകോട് യു.എ.ഇ തളങ്കര വെസ്റ്റ്ഹിൽ മുസ്ലിം വെൽഫെയർ അസോസിയേഷന് നൽകിയ ശ്രദ്ധേയ സംഭാവനകൾ പരിഗണിച്ച് ഹുസൈൻ പടിഞ്ഞാറിനെ വെൽഫെയർ ഇൻസ്പിറേഷനൽ എക്സലൻസ് പുരസ്കാരം നൽകി ആദരിക്കും. സംഘടനയുടെ രൂപവത്കരണത്തിൽ സജീവമായി നിലകൊണ്ട ഹുസൈൻ പടിഞ്ഞാർ കൂട്ടായ്മയുടെ പ്രഥമ പ്രസിഡന്റുകൂടിയാണ്. നാലര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിൽ വിവിധ സംഘടനയുടെ ഭാരവാഹിത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്.
പ്രവാസികളെ സംബന്ധിച്ച സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടുകയും പ്രവാസികളുടെ പ്രശ്നങ്ങൾ എഴുത്തിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിലും ഇദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. ഫെബ്രുവരി 23 ഞായറാഴ്ച ദുബൈ വെൽഫിറ്റ് അരീനയിൽ നടക്കുന്ന ‘വെൽഫെയർ@25 തവാസുൽ’ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. ചടങ്ങിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ആറ് വിദ്യാർഥിനികളെ സ്വർണ മെഡൽ നൽകി അനുമോദിക്കും. സ്വർണ മെഡലിന് പുറമെ എജുക്കേഷനൽ എക്സലൻസ് അവാർഡും നൽകപ്പെടും.
ഡോ. ഫാത്തിമ ആസിഫ്, ഡോ. ഇർഫാന ഇബ്രാഹിം, നേഹ ഹുസൈൻ, കോളിയാട് ആരിഫ ജസ്ബീർ, സന നൗഷാദ്, ജസാ ജലാൽ എന്നിവരാണ് അവാർഡ് ജേതാക്കൾ. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ദുബൈ കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര എന്നിവർ ചേർന്നാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ജലാൽ തായൽ, നിസാം ഹമിദ്, മുബാറക് മസ്കത്ത് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.