ദുബൈ: യു.എ.ഇയുടെ ചൊവ്വാ ദൗത്യമായ 'ഹോപ്പ്രോബ്' കണ്ടെത്തിയ വിവരങ്ങളുടെ നാലാമത് ശേഖരം ശാസ്ത്രലോകത്തിന് ലഭ്യമായി. ഡിസംബർ മുതൽ ഫെബ്രുവരിവരെ ശേഖരിച്ച 118.5 ജിഗാ ബൈറ്റ് വിവരങ്ങളും ചിത്രങ്ങളുമാണ് പുതുതായി പുറത്തുവിട്ടത്. ഹോപ്പ് പേടകത്തിന് അനന്തമായ സാധ്യതകളുണ്ടെന്നാണ് പുതുതായി കണ്ടെത്തിയ വിവരങ്ങൾ സ്ഥിരീകരിക്കുന്നതെന്ന് യു.എ.ഇ ബഹിരാകാശ കേന്ദ്രം അധികൃതർ വ്യക്തമാക്കി.
ചൊവ്വയുടെ ഭ്രമണപഥത്തിലെ സവിശേഷതകളെ കുറിച്ച പഠനത്തിന് ഏറെ സഹായകമായ വിവരങ്ങൾ നേരത്തെയും ഹോപ്പ്രോബ് കണ്ടെത്തിയിരുന്നു. ചൊവ്വയുടെ രാത്രിയിൽ അന്തരീക്ഷത്തിലെ വ്യതിരിക്തമായ അറോറയുടെ അപൂർവ ചിത്രങ്ങളും കഴിഞ്ഞ വർഷം ജൂണിൽ പുറത്തുവിട്ട േഡറ്റയിൽ ഉൾപ്പെട്ടിരുന്നു. ഏറ്റവും പുതിയ കണ്ടെത്തലുകൾ ചൊവ്വ ഗവേഷണത്തെ ഏറെ മുന്നോട്ടുനയിക്കാനുള്ള പേടകത്തിന്റെ കഴിവ് വിളിച്ചോതുന്നതാണെന്ന് ചൊവ്വാ ദൗത്യസംഘത്തലവൻ ഉംറാൻ ശറഫ് പറഞ്ഞു. ചുവന്ന ഗ്രഹത്തെക്കുറിച്ച അന്താരാഷ്ട്ര സമൂഹത്തിന്റെ അറിവും ധാരണയും കൂടുതൽ മെച്ചപ്പെടുത്തുന്നതിന് കണ്ടെത്തലുകൾ തുടരുമെന്നും ആഗോള ബഹിരാകാശ ഗവേഷണ രംഗത്ത് യു.എ.ഇയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുറത്തുവന്ന ഏറ്റവും പുതിയ േഡറ്റ കാണിക്കുന്നത് ഗ്രഹത്തെക്കുറിച്ച് ഇനിയുമേറെ കണ്ടെത്താനുണ്ടെന്നാണെന്ന് എമിറേറ്റ്സ് മാർസ് മിഷൻ സയൻസ് മേധാവി ഹെസ്സ അൽ മത്റൂഷി പറഞ്ഞു. ചൊവ്വാ ഗ്രഹത്തിന്റെ ചലനാത്മക കാലാവസ്ഥാ സംവിധാനവും അന്തരീക്ഷ അവസ്ഥയും പഠിക്കുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച 'ഹോപ്പ്രോബ്' 2021 ഫെബ്രുവരിയിലാണ് ഭ്രമണപഥത്തിലെത്തിയത്. പേടകത്തിൽനിന്ന് ലഭ്യമാകുന്ന വിവരങ്ങൾ മൂന്നുമാസം കൂടുമ്പോഴാണ് പുറത്തുവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.