ഹാരിസ് കാട്ടകത്തും കുടുംബവും
കുട്ടികളിൽ അർബുദ രോഗം സ്ഥിരീകരിക്കുന്നതു മുതൽ രോഗത്തെ അതിജീവിക്കുന്ന കാലയളവുവരെ ഹോപ് അവർക്കൊപ്പം നിലകൊളളും. നിരവധി ബാല്യങ്ങളാണ് അർബുദത്തിന്റെ ദുരിതങ്ങളെ മറികടന്ന് ജിവിതത്തിലേക്ക് തിരികെ നടന്നുകൊണ്ടിരിക്കുന്നത്. രോഗം നിർണ്ണയിക്കുന്ന സമയത്ത് കുട്ടിക്ക് 16 വയസ്സിൽ താഴെയായിരിക്കണം. ഏതാണ്ട് 3,500 അധികം കാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഹോപ്പിന്റെ സേവനങ്ങൾ ഇതിനകം ലഭിച്ചു
കേരളത്തിലെ കാൻസർ ബാധിതരായ കുട്ടികൾക്ക് വേണ്ടി സ്നേഹ സ്പർശമെരുക്കുന്ന ഒരു മലയാളി കുടുംബമുണ്ട് ഷാർജയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് അടക്കം ആറു കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ എത്തുന്ന അർബുദ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും കൈത്താങ്ങ് നൽകുന്ന പ്രസ്ഥാനമാണ് ‘ഹോപ്’ ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ. ഇതിന് രൂപം നൽകിയത് പ്രവാസിയായ കൊടുങ്ങല്ലൂർ സ്വദേശി ഹാരിസ് കാട്ടകത്തും ഭാര്യ സുഹദയുമാണ്. കാൻസർ ബാധിച്ച കുട്ടികൾക്ക് ഏറ്റവും മികച്ച ചികില്സ ഉറപ്പുവരുത്തിയും അണുബാധ വിമുക്തവുമായ താമസസൗകര്യങ്ങൾ ഒരുക്കിയും ഇവർ ഏറെ സജീവമാണ്. ഇവർക്കൊപ്പം മുഹമ്മദ് ഷാഫി, ഡോ. സൈനുൽ ആബിദീൻ, റിയാസ് കിൽട്ടൻ, ഹെറാൽഡ് ഗോമസ്, അഡ്വ. അജ്മൽ, അഡ്വ.ഹാഷിം അബൂബക്കർ, മുജീബ് തുടങ്ങിയ സമാനമാനസ്കരും കൈകോർത്തപ്പോൾ ഹോപിന്റെ ഉദ്യമം, കൂടുതൽ ഇടങ്ങളിലേക്ക് ഇന്ന് മനുഷ്യത്വത്തിന്റെ സഹായഹസ്തം നീട്ടുകയാണ്.
സ്വന്തം ജീവിതാനുഭവമാണ് മറ്റുള്ളവരുടെ ജീവിതത്തിന് തണൽ വിരിക്കാൻ പ്രചോദനമേകിയ ഭൂതകാലാനുഭവമാണ് ഹാരിസിന് പറയാനുള്ളത്. ആ സംഭവം ഇങ്ങനെയാണ്: 2015 ജൂലൈയിൽ അമേരിക്കയിൽ ഒരു ബന്ധുവിനെ കാണാൻ ദുബൈയിൽ നിന്ന് ഹാരിസും കുടുംബവും വിമാനം കയറി. സന്തോഷകരമായ ഒരു മാസത്തെ അമേരിക്കൻ വാസത്തിനു ശേഷം മടങ്ങേണ്ട ദിവസം 10 മാസം പ്രായമായ ഇവരുടെ ആൺകുഞ്ഞ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ കുട്ടിയെ കാണിച്ചു. ആ ദിനം ഇവരുടെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞതായിരുന്നു. മകനെ കാൻസർ പിടികൂടിയിരിക്കുന്നു. ഒരു നിമിഷം പകച്ചു പോയി. ജീവിതത്തിലെ എല്ലാ സ്വപ്നങ്ങളും തകർന്നു പോകുന്ന അവസ്ഥ. എന്നാൽ ഭാഗ്യവശാൽ കുട്ടികളുടെ അർബുദ ചികിത്സാരംഗത്ത് ലോകത്തെ തന്നെ ഏറ്റവും പ്രസിദ്ധമായ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച്ച് ഹോസ്പിറ്റലിൽ മകനെ ചികിത്സിക്കാൻ ഇവർക്ക് അവസരം ലഭിച്ചു. അവിടുത്തെ രണ്ടു വർഷത്തെ ചികിത്സാ കാലയളവിൽ കുട്ടികളുടെ രോഗത്തെക്കുറിച്ച് കൂടുതൽ പഠിക്കാനും അതുമൂലമുണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കാനും സാധിച്ചു. സാമ്പത്തികമായി വലിയ പ്രയാസം ഇല്ലാതിരുന്നിട്ടുപോലും ഇവർ കടന്നുപോയ ഭീമകരമായ സാഹചര്യം വലിയ തിരിച്ചറിവാണ് പകർന്നത്. കേരളത്തിൽ സമാന സാഹചര്യത്തിൽ കടന്നുപോകുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് എന്തെങ്കിലും ചെയ്യണമെന്നവർ അന്ന് തീരുമാനമെടുത്തു. ആ തിരിച്ചറിവാണ് ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ എന്ന ആശയത്തിന് നിമിത്തമായത്.
കേരളത്തിലെ അർബുദ ബാധിതരായ കുട്ടികളെ കണ്ടെത്തുകയും അവർക്ക് കേരളത്തിലും പുറത്തും ലഭ്യമാവുന്ന ചികിത്സയെക്കുറിച്ച് ബോധവൽക്കരിക്കുകയും ചികിത്സാ സഹായം എത്തിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ‘ഹോപ്’. 2016ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സന്നദ്ധ സേവനങ്ങൾ നൽകിയാണ് ഹോപ് നിലവിൽ വന്നത്. ഇന്ന് കേരളത്തിലെ നിരവധി അർബുദ ബാധിതരായ കുട്ടികൾക്കും കുടുംബങ്ങൾക്കും സാന്ത്വനമേകുന്ന സ്ഥാപനമായി ഹോപ് നിലകൊളളുകയാണ്. കുട്ടികളിൽ അർബുദ രോഗം സ്ഥിരീകരിക്കുന്ന നിമിഷം മുതൽ രോഗത്തെ അതിജീവിക്കുന്ന കാലയളവ് വരെ ഹോപ് അവർക്കൊപ്പം നിലകൊളളും. നിരവധി ബാല്യങ്ങളാണ് അർബുദത്തിന്റെ ദുരിതങ്ങളെ മറികടന്ന് ഇതിലൂടെ ജിവിതത്തിലേക്ക് തിരികെ നടന്നുകൊണ്ടിരിക്കുന്നത്. രോഗം നിർണ്ണയിക്കുന്ന സമയത്ത് കുട്ടിക്ക് 16 വയസ്സിൽ താഴെയായിരിക്കണം പ്രായമെന്ന നിബന്ധന മാത്രമാണ് ‘ഹോപ്’ പ്രവേശനത്തിന് നിർണയിച്ചിട്ടുളളത്. ഏതാണ്ട് 3,500 അധികം കാൻസർ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഹോപ്പിന്റെ സേവനങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. ഇവരുടെ സൽപ്രവർത്തനങ്ങളുടെ നന്മ തിരിച്ചറിഞ്ഞ് കൂടുതൽ മനുഷ്യസ്നേഹികൾ കൈകോർത്തതോടെ ഹോപിന്റെ സ്നേഹ സ്പർശം കൂടുതൽ കുട്ടികൾക്ക് തണൽ ഒരുക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.