ദുബൈ: രാജ്യത്ത് ചൂട് കനക്കുന്നതിനിടെ ദുബൈയിൽ സർക്കാർ ജീവനക്കാർക്ക് ജോലി സമയത്തിൽ ഇളവ് പ്രഖ്യാപിച്ച് സർക്കാർ മാനവവിഭശേഷി വകുപ്പ്. ആഴ്ചയിൽ 5 ദിവസം ജോലി ചെയ്ത് വെള്ളിയാഴ്ചയും അവധി ലഭിക്കുന്ന രീതി തെരഞ്ഞെടുക്കാനാണ് അവസരമുണ്ടാവുക.
ഇത് ഓരോ സ്ഥാപനത്തിന്റെയും വിവേചനാധികാരത്തിൽ നടപ്പിലാക്കാവുന്നതാണെന്നാണ് നിർദേശിച്ചിട്ടുള്ളത്. ജൂലൈ 1 മുതൽ സെപ്റ്റംബർ 12 വരെയാണ് ഇളവ് പ്രാബല്യത്തിലുണ്ടാവുക.
ഈ രീതി നടപ്പിലാക്കുമ്പോൾ ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളായി തിരിക്കണം. ആദ്യ ഗ്രൂപ് തിങ്കൾമുതൽ വ്യാഴംവരെ എട്ട് മണിക്കൂർ ജോലി ചെയ്യുകയും വെള്ളിയാഴ്ച മുഴുവൻ അവധിയെടുക്കുകയും ചെയ്യും. അതേസമയം, രണ്ടാമത്തെ ഗ്രൂപ് തിങ്കൾ മുതൽ വ്യാഴംവരെ ഏഴ് മണിക്കൂറും വെള്ളിയാഴ്ച 4.5 മണിക്കൂറും ജോലി ചെയ്യുകയും വേണം. ഈ രീതിയിലൂടെ ഉപഭോക്താക്കൾക്ക് പ്രയാസരഹിതമായ സേവനങ്ങൾ ഉറപ്പാവുകയും ചെയ്യും. കഴിഞ്ഞ വർഷം ആഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30 വരെ 21 സർക്കാർ സ്ഥാപനങ്ങളിൽ ദുബൈ സർക്കാർ ഈ പദ്ധതി നടപ്പിലാക്കിയിരുന്നു.
അതേസമയം, രാജ്യത്ത് തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഞായറാഴ്ച ആരംഭിച്ചു. ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന മൂന്നു മാസക്കാലമാണ് രാജ്യത്ത് ഉച്ച 12:30 മുതൽ മൂന്ന് മണിവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾക്ക് നിയന്ത്രണമുള്ളത്.
സെപ്റ്റംബർ 15വരെയാണ് നിയമം നിലവിലുണ്ടാവുക. തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. രാജ്യത്താകമാനം ചൂട് ശക്തമായി വരികയാണ്.
ശനിയാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 49.1 ഡിഗ്രിയാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും 45 ഡിഗ്രി മുതൽ 48 ഡിഗ്രി വരെയാണ് ചൂട് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.