ദുബൈ: തൊഴിലാളികൾക്കായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) സംഘടിപ്പിക്കുന്ന ഹെൽത്ത് കാർണിവൽ ഞായറാഴ്ച അൽ ഖൂസ് 4-ൽ നടക്കും. യു.എ.ഇയുടെ കമ്യൂണിറ്റി വർഷാചരണത്തിന്റെ ഭാഗമായി ഒരുക്കുന്ന ആരോഗ്യോത്സവത്തിൽ പതിനായിരത്തോളം തൊഴിലാളികൾ പങ്കെടുക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അറിയിച്ചു. ഉച്ചക്ക് ഒരു മണി മുതൽ രാത്രി 10 വരെയാണ് പരിപാടികൾ നടക്കുക.
സൗജന്യ ആരോഗ്യ പരിശോധന, പിങ്ക് കാരവനുമായി സഹകരിച്ചുള്ള സ്തനാർബുദ പരിശോധന, സ്മാർട്ട് ലൈഫുമായി സഹകരിച്ചുള്ള നേത്ര പരിശോധന, ബോധവത്കരണ ക്ലാസുകൾ, കായിക സാംസ്കാരിക പരിപാടികൾ, മാജിക് ഷോ, പൊതുജനാരോഗ്യ നടത്തം എന്നിവ പ്രധാന പരിപാടികളിൽ ഉൾപ്പെടും.
കാർണിവലിൽ പങ്കെടുക്കുന്നവർക്കായി വിമാന ടിക്കറ്റുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ തുടങ്ങി നിരവധി സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകും. 25,000 കൈപ്പത്തികൾ ഉപയോഗിച്ച് യു.എ.ഇയുടെ ദേശീയ പതാക നിർമിച്ച് ഗിന്നസ് ലോക റെക്കോഡ് സ്ഥാപിക്കാനുള്ള ശ്രമവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.