ദുബൈ: കോവിഡിനെ നേരിടാൻ യു.എ.ഇ സർവ സജ്ജമെന്ന് ദുബൈ പൊലീസും ഹെൽത്ത് അതോറിറ്റിയും . ലോകത്തൊരിടത്തും കിട്ടാത്തത്ര മികച്ച ചികിത്സയാണ് യു.എ.ഇ നൽകുന്നതെന്നും ആശങ്കപ ്പെടേണ്ട സാഹചര്യമില്ലെന്നും ദുബൈ ഹെൽത്ത് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ ഹ ുമൈദ് അൽ ഖത്ത്മിയും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലെഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മറിയും പറഞ്ഞു. ദുബൈ മീഡിയ ഒാഫിസ് ഒരുക്കിയ ചോദ്യോത്തര പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചാൽ ആശുപത്രികളുടെയും െഎസൊലേഷൻ സെൻററുകളുടെയും കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയും. ആവശ്യമായി വന്നാൽ ഇത്തരം നടപടികളെടുക്കാൻ സജ്ജമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സയും താമസവുമാണ് യു.എ.ഇ നൽകുന്നത്. നായിഫ് മേഖലയിൽ കൂടുതൽ ബോധവത്കരണവും അണുവിമുക്ത പ്രവർത്തനവും നടക്കുന്നുണ്ട്. പ്രദേശത്ത് സാമൂഹിക അകലം പാലിക്കാനും നടപടിയെടുത്തിട്ടുണ്ട്.
ഒരാൾ രോഗമുക്തനാകാൻ ഒരാഴ്ച മുതൽ ഒരുമാസം വരെ സമയമെടുത്തേക്കും. രോഗിയുടെ ആരോഗ്യശേഷി അനുസരിച്ചാണ് ഇതിെൻറ സമയം വ്യത്യാസപ്പെടുന്നത്. ദേശീയ അണുനശീകരണ യജ്ഞം നീട്ടുന്നതിനെ കുറിച്ച് ആ സമയത്തെ സാഹചര്യം അനുസരിച്ച് തീരുമാനിക്കും. തൊഴിലാളികൾക്കിടയിൽ ബോധവത്കരണം നടത്താൻ പൊലീസ് ഇടപെടുന്നുണ്ട്. ക്വാറൻറീനിൽ കഴിയുന്നവർക്ക് ലോകോത്തര സൗകര്യങ്ങളാണ് നൽകിവരുന്നത്. 1000 ബെഡുകളുള്ള മൊബൈൽ ആശുപത്രികൾ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്.
ഏതു സാഹചര്യം നേരിടാനും യു.എ.ഇ തയാറാണ്. യു.എ.ഇയിൽ ലഭിക്കുന്ന സൗകര്യം ലോകത്ത് മറ്റൊരിടുത്തും ലഭിക്കില്ല. ഫൈവ് സ്റ്റാർ സൗകര്യമാണ് ക്വാറൻറീനിൽ കഴിഞ്ഞവർക്ക് ഒരുക്കിയത്. നിരവധി കെട്ടിട ഉടമകളും ഹോട്ടലുകാരും അവരുടെ സ്ഥാപനങ്ങൾ ക്വാറൻറീന് വേണ്ടി വിട്ടുതരാൻ മുന്നിട്ടുവന്നിട്ടുണ്ട്. ലോകത്തിന് തന്നെ മാതൃകയാണ് യു.എ.ഇ. വിദേശത്തുള്ള പൗരൻമാെര സുരക്ഷിതമായി നാട്ടിലെത്തിച്ചു. ഇവിടെയുള്ള ജനങ്ങൾക്ക് ചികിത്സയും മാനുഷിക പരിഗണനയും സുരക്ഷയും നൽകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.