ഹംസ മാളിയേക്കൽ 

പ്രവാസം അവസാനിപ്പിച്ച്​ ഹംസക്ക ഇന്ന്​ ചേലക്കടവിലേക്ക്

അബൂദബി: 1979 ഫെബ്രുവരിയിൽ എത്തിയ ചങ്ങരംകുളം ചേലക്കടവ് മാളിയേക്കൽ ഹംസ (65) 41 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുന്നു. അബൂദബി സ്വീവേജ് സർവിസിങ് കമ്പനിയിലായിരുന്നു പ്രവാസത്തിനിടയിലെ സേവനം. 1979 മേയ് 29നാണ് അബൂദബി സ്വീവേജ് സെക്​ഷനിൽ ഓഫിസ് ബോയ് ആയി ജോലിക്കു കയറിയത്. ആറു മാസത്തിനുശേഷം പശ്ചിമ അബൂദബിയിലേക്ക് ജോലി മാറി. ബദാ സായിദ് ഗയാത്തി, ബെദ അൽ മത്ത്‌വ, ലിവ എന്നിവിടങ്ങളിൽ 2003വരെ അസിസ്​റ്റൻറ്​ ഇൻസ്‌പെക്ടറായി ജോലി ചെയ്തു.

2003ൽ വീണ്ടും അബൂദബി നഗരത്തിലെത്തി. 2006വരെ അബൂദബി വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കീഴിൽ സ്വീവേജ് വിഭാഗത്തിൽ ഇതേ ജോലി തുടർന്നു. ഡോക്യുമെൻറ്​ ക്ലർക്കായി ജോലിയിൽ മാറ്റം കിട്ടിയതോടെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്​റ്റത്തിൽ നിന്ന് നിർമാണ സൈറ്റുകളുടെ മാപ് ഡൗൺലോഡ് ചെയ്ത് പരിശോധന ഉദ്യോഗസ്ഥർക്കുള്ള രേഖകൾ തയാറാക്കുന്ന വകുപ്പിലേക്ക് ജോലി മാറി. കോവിഡ് രോഗ വ്യാപനം മൂലം മാർച്ചുമുതൽ ജോലി സ്ഥലത്തുപോകാതെ റൂമിൽ കഴിയുകയാണ്.

65 വയസ്സുള്ളതിനാൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ജോലി സ്ഥലത്തു പോകാനാവില്ല. എന്നാൽ, ശമ്പളം കൃത്യമായി കിട്ടുമായിരുന്നു. കോവിഡ് കാലത്ത് ഒറ്റക്കു റൂമിൽ കഴിയുന്നതി​െൻറ ബുദ്ധിമുട്ടും കാൽമുട്ടിലെ പ്രശ്‌നങ്ങളുമെല്ലാം മൂലം നാട്ടിലേക്ക് മടങ്ങാമെന്ന് സ്വയം തീരുമാനിക്കുകയായിരുന്നു. ഗൾഫിലെത്തിയ ആദ്യ നാളിൽ വീടി​െൻറ പണിയും മറ്റു ബാധ്യതകളുമൊക്കെ കാരണം നാലുവർഷം നാട്ടിൽ പോകാതെ ജോലി തുടർന്നു. 485 ദിർഹത്തിന് അക്കാലത്ത് ആയിരം രൂപ കിട്ടുമായിരുന്നു. ഇത്രയും പൈസ നാട്ടിലയച്ചാൽ പത്തു മക്കളും ഉമ്മയും വാപ്പയും ഉൾപ്പെടുന്ന കുടുംബത്തി​െൻറ എല്ലാ ചെലവും കഴിഞ്ഞ് മിച്ചമുണ്ടാകുമായിരുന്നു. പ്രവാസത്തി​െൻറ തുടക്കത്തിൽ ഉണ്ടായിരുന്ന ഈ അനുഭവത്തിലൂടെയാണ്​ ഗൾഫിൽ 41 വർഷം പൂർത്തീകരിച്ചത്.

41 വർഷത്തിനിടയിൽ മൂന്നു മാസം ഒഴികെയുള്ള മുഴുവൻ കാലവും താമസം സൗജന്യമായിരുന്നു. അതുകൊണ്ടുതന്നെ പ്രവാസ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സമ്പാദിക്കാൻ കഴിഞ്ഞതിൽ ആഹ്ലാദിക്കുന്നു. രണ്ടുവർഷം മുമ്പുവരെ പൂർണമായും സർക്കാർ സ്ഥാപനത്തിലായിരുന്നു ജോലി. രണ്ടുവർഷം മുമ്പ് വിസയും മറ്റും കോൺട്രാക്ടിങ് കമ്പനിക്കു കീഴിലാക്കിയെങ്കിലും ജോലി പഴയ നിലയിൽ തുടരുകയായിരുന്നു. നാട്ടിലെത്തിയാൽ ക്വാറൻറീൻ താമസം കരിപ്പൂർ വിമാനത്താവളത്തിനു സമീപത്തെ ടൂറിസ്​റ്റ് ഹോമിലായിരിക്കും. ഭാര്യ: ഫാത്തിമ. മക്കൾ: ഹൈറുന്നിസ, നിയാസ് (ദുബൈ), ഹർഷ, നഹ്‌ല. എല്ലാവരും വിവാഹിതർ. ഒമ്പതു പേരക്കുട്ടികളുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.