പുതുക്കുടി അഷ്റഫ്
ഷാർജ: 50 വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് പുതുക്കുടി അഷ്റഫ് നാട്ടിലേക്ക് തിരിക്കുന്നു. യു.എ.ഇയുടെ വളർച്ചക്ക് നേർസാക്ഷ്യം വഹിച്ച അപൂർവ പ്രവാസികളിൽ ഒരാളാണിദ്ദേഹം. 1976ൽ കണ്ണൂർ തലശ്ശേരിയിൽനിന്ന് 21ാമത്തെ വയസ്സിൽ അഷ്റഫ് ഷാർജയിലെത്തുമ്പോൾ ഇന്ന് കാണുന്ന വികസനമൊന്നും യു.എ.ഇയുടെ ഒപ്പമുണ്ടായിരുന്നില്ല. മൺപാതകൾ നിറഞ്ഞ മരുഭൂമിയിൽ അങ്ങിങ്ങായി ചെറു തുരുത്തുകൾ മാത്രം.
പിന്നീട് യു.എ.ഇയുടെ വികസനം അതിവേഗത്തിലായിരുന്നുവെന്ന് അഷ്റഫ് ഓർക്കുന്നു. പ്രാരാബ്ദങ്ങളുടെ ഭാണ്ഡക്കെട്ടുകളുമായി 76ൽ തലശേരിയിൽനിന്ന് മുംബൈയിലേക്ക് യാത്ര തിരിച്ചു. മുംബൈയിൽ നിന്ന് കപ്പൽ വഴി പോകാനായിരുന്നു ലക്ഷ്യം. ഏതാണ്ട് 14 ദിവസം അവിടെ തങ്ങിയെങ്കിലും കപ്പൽ യാത്ര തരപ്പെട്ടില്ല. ഒടുവിൽ സിറിയൻ എയർലൈൻസിൽ ഷാർജയിലേക്ക് പറന്നു. പിതാവിന്‍റെ സുഹൃത്ത് നൽകിയ വിസയിൽ ഷാർജയിലെ പ്രശസ്തമായ അൽ ബുറൈമി ഇലക്ട്രോണിക്സ് ഷോപ്പിലായിരുന്നു ആദ്യ ജോലി.
10ാം ക്ലാസ് വിദ്യാഭ്യാസമുണ്ടായിരുന്ന അഷ്റഫിന് ഒന്നര മാസത്തിന് ശേഷം മാനേജറായി സ്ഥാനക്കയറ്റം ലഭിച്ചു. 17 വർഷം തുടർച്ചയായി ഈ ഷോപ്പിന്‍റെ ചുമതലയിലായിരുന്നു. ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഷോപ്പ് അടച്ചുപൂട്ടിയതോടെ പുതിയ മേച്ചിൽപ്പുറം തേടിയിറങ്ങി. ഇമാറാത്തികളുമായി നല്ല സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന അഷ്റഫിന് വൈകാതെ ഷാർജ ഇലക്ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ)യിൽ ഡാറ്റ എൻട്രി ഓപറേറ്റായി ജോലി തരപ്പെട്ടു. 60ാമത്തെ വയസ്സിൽ റിട്ടർയ്മെന്‍റ് വാങ്ങുന്നത് വരെ സേവയിൽ തുടർന്നു.
റിട്ടയർമെന്‍റിന് ശേഷം കാസർകോടുള്ള ഒരു സുഹൃത്തുമായി ചേർന്ന് റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങി. ജീവിത സായാഹ്നത്തിൽ അത് വലിയ പിന്തുണയായിരുന്നുവെന്ന് അഷ്റഫ് പറയുന്നു. 1987 മുതൽ പ്രവാസ ജീവിതത്തിനൊപ്പം കുടുംബത്തേയും കൂട്ടുപിടിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഹബീബയാണ് ഭാര്യ. ഖുർആൻ പഠനവും മറ്റുമായി ഇപ്പോഴും സജീവമാണ് ഹബീബ. രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമുണ്ട്.
മൂത്തയാൾ പഠന ശേഷം സിംഗപ്പൂരിൽ ജോലി നോക്കുന്നു. മറ്റ് രണ്ട് പേർ ഷാർജയിൽ വിവിധ മേഖലകളിൽ ജോലിയും കുടുംബവുമായി കഴിയുന്നു. പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അഷ്റഫിന് ഇനി നാട്ടിലും അത് തുടരണമെന്നാണ് ആഗ്രഹം. ചൊവ്വാഴ്ച നാട്ടിലേക്ക് തിരിക്കുന്ന അഷ്റഫ്, തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ചൂടും ചൂരും ആസ്വദിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ്. ജീവിതത്തിന്‍റെ സന്തോഷങ്ങളെല്ലാം നേടിത്തന്ന പ്രവാസത്തോട് അതിരറ്റ സ്നേഹവും കടപ്പാടും പങ്കുവെച്ച് കൊണ്ടാണ് തലശ്ശേരി സ്വദേശിയുടെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.