ദുബൈ: ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച എല്ലാവിധ സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുന്ന ഗള്‍ഫ്മേഖലയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മാര്‍ഗനിര്‍ദേശ മേളയായ ‘ഗള്‍ഫ് മാധ്യമം’ എജുകഫേക്ക് വെള്ളിയാഴ്ച വൈകീട്ട് കൊടിയേറും. കിസൈസിലെ ബില്‍വാ ഇന്ത്യന്‍ സ്കൂളില്‍ പ്രത്യേകമായി ഒരുക്കിയ മേള നഗരിയില്‍ മൂന്നിന് വൈകീട്ട് നാലു മണിക്ക് യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയഗാനാലാപനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക.
ലോകപ്രശസ്ത പ്രചോദന പ്രഭാഷകയും എഴുത്തുകാരിയുമായ പ്രിയാ കുമാര്‍ നേതൃത്വം നല്‍കുന്ന സെഷനാണ് ആദ്യം. മുന്‍നിര കമ്പനികളുടെ കൗണ്‍സലറായ പ്രിയയുടെ അമൂല്യ പ്രഭാഷണം കുട്ടികളുടെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന പ്രതിഭയുടെ പൊന്‍മുത്തുകള്‍ ആത്മവിശ്വാസം പകര്‍ന്ന് തിളക്കിയെടുക്കുന്നതാവും.
6.30ന് ദുബൈ ഹ്യൂമന്‍ ഡെവലപ്മെന്‍റ് അവാര്‍ഡ് ടീം ലീഡറും ഷാര്‍ജ ഇസ്ലാമിക് ബാങ്ക് ലേണിംഗ് ആന്‍റ് കരിയര്‍ ഡവലപ്മെന്‍റ് വിഭാഗം മേധാവിയുമായ ഡോ. സംഗീത് ഇബ്രാഹിം നയിക്കുന്ന ഡംഗല്‍ ഡിബേറ്റ് നടക്കും. മക്കള്‍ക്ക് യോജിച്ച തൊഴില്‍ മേഖല തെരഞ്ഞെടുക്കുന്നത് ചര്‍ച്ച ചെയ്യും. എന്‍ട്രന്‍സ് പരീക്ഷയുടെ സര്‍വമേഖലകളും സ്പര്‍ശിക്കുന്ന ശ്രീവിദ്യാ സന്തോഷിന്‍െറ സെമിനാര്‍ 7.30ന് ആരംഭിക്കും. പിറ്റേന്ന് രാവിലെ നടക്കുന്ന മാതൃകാ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നവര്‍ക്ക് ഈ സെഷന്‍ ഒഴിച്ചുകൂടാത്തതാവും.
ശനിയാഴ്ച രാവിലെ 10ന് സംഘടിപ്പിക്കുന്ന മാതൃകാ എന്‍ട്രന്‍സിന് പ്രവേശന പരീക്ഷാ രംഗത്തെ മുന്‍നിരക്കാരായ കോഴിക്കോട് റേയ്സ് എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററിലെ വിദഗ്ധര്‍ നേതൃത്വം നല്‍കും.
വളരുന്ന കുട്ടികളുടെ ബുദ്ധി പോഷണത്തിനാവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളുമായി ന്യൂട്രീഷന്‍ സെഷന് 10.30ന് തുടക്കമാവും. പ്രമുഖ പോഷകാഹാര വിദഗ്ധ ബിന്‍താ മോള്‍ പ്രത്യൂഷ് ആണ് സംസാരിക്കുക. 11 മണിക്ക് വിദേശവിദ്യാഭ്യാസ രംഗത്തെ പ്രവണതകള്‍ വിവരിച്ച് താരാ പിള്ളയുടെ പ്രഭാഷണം നടക്കും. വിദേശ സര്‍വകലാശാലകളിലെ പഠനം സംബന്ധിച്ച എല്ലാ വിധ സംശയങ്ങളും നിവാരണം ചെയ്യാന്‍ ഇവിടെ അവസരമൊരുങ്ങും.
മികച്ച തൊഴില്‍ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ച് സുസന്‍ മാത്യൂവിന്‍െറ പ്രഭാഷണം 12 മണിക്ക് നടക്കും. ഉച്ച ഭക്ഷണ ഇടളേവക്ക് ശേഷം 2 മണിക്കാരംഭിക്കുന്ന സെഷനില്‍ പ്രമുഖ ഏകാഗ്രത പരിശീലകന്‍ ജോജോ ക്ളാസെടുക്കും. കൗമാരക്കാരുടെ സ്വഭാവം സംബന്ധിച്ച വിശകലന പഠനം ഡോ. അനീഷ് അലി പങ്കുവെക്കും. 2.45നാണ് പ്രഭാഷണം ആരംഭിക്കുക.
കുട്ടികളുടെ മനസിലെ സങ്കടങ്ങള്‍ ഇല്ലാതാക്കുന്ന സെഷനുമായി മൂന്നരക്ക് ഗിരീഷ് ഗോപാല്‍ ഹാപ്പിനസ് ബ്ളൂപ്രിന്‍റ് അവതരിപ്പിക്കും. പരീക്ഷാപ്പേടി പൂര്‍ണമായി ഇല്ലാതാക്കി മടങ്ങാനുതകുന്നതാണ് വിവിധ കമ്പനികളുടെ മുഖ്യ ഉപദേശകനായ ഗിരീഷ് ഗോപാല്‍ നയിക്കുന്ന സെമിനാര്‍.
മനസിന്‍െറ ഉള്ളിലൊളിപ്പിച്ച രഹസ്യങ്ങള്‍ തുറന്നെടുക്കുന്ന മെന്‍റലിസ്റ്റ് ആദി ആദര്‍ശിന്‍െറ ഇന്‍സോംനിയ മൈന്‍റ് റീഡിംഗ് മാജിക് അഞ്ചുമണിക്കാരംഭിക്കും. കുഴക്കുന്ന കേസുകളില്‍ വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്ന ആദിയുടെ പ്രദര്‍ശനം നേരിലാസ്വദിക്കാവുന്ന അപൂര്‍വ അവസരമാണിത്.
വിവിധ രാജ്യങ്ങളിലെ ദുബൈ ഡ്രമ്മേഴ്സിന്‍െറ വാദ്യമേളത്തോടെയാണ് മേളക്ക് തിരശീല വീഴുക. വിദ്യാര്‍ഥികള്‍ക്കു പുറമെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മേളയില്‍ പ്രവേശനമുണ്ട്.
കുടുംബ സമേതം എത്തി ഉല്ലാസപൂര്‍വം സമയം ചെലവഴിക്കാനുള്ള സജീകരണങ്ങളെല്ലാം മേളയിലുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.madhyamam.com/educafe എന്ന ലിങ്ക് മുഖേനയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.