ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ഗൾഫ് മാധ്യമം ബിസിനസ് സമ്മിറ്റിന്റെ ഉദ്ഘാടന വേദിയിൽ ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ ഷാർജ എക്സ്പോർട്ട്സ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ അലി അൽ കെത്ബിക്കൊപ്പം ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മീഡിയ ഡയറക്ടർ ജമാൽ സഈദ് ബുസിൻജാൽ, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ്, മാധ്യമം ബിസിനസ് സൊല്യൂഷൻസ് ഗ്ലോബൽ ഹെഡ് കെ. മുഹമ്മദ് റഫീഖ് എന്നിവർ
ഷാർജ: ലോക രാജ്യങ്ങളിലെ വൈവിധ്യമാർന്ന വ്യാപാര, വാണിജ്യ സാധ്യതകൾ ചർച്ച ചെയ്യാൻ ഗൾഫ് മാധ്യമം ഒരുക്കിയ ബിസിനസ് സമ്മിറ്റ് നവ സംരംഭകർക്ക് പുതുവഴികാട്ടിയായി മാറി. ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഹാളിൽ നടന്ന ഉച്ചകോടിയിൽ കേരളത്തിലേയും യു.എ.ഇയിലെയും പ്രമുഖർ പങ്കെടുത്തു.
ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന വ്യാപാര വാണിജ്യ ബന്ധത്തിൽ പുതിയ അധ്യായം കൂട്ടിച്ചേർക്കുന്നതായിരുന്നുവെന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ ഷാർജ എക്സ്പോർട്ട്സ് ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ അലി അൽ കെത്ബി പറഞ്ഞു.
ഇന്ത്യയിലെ ബിസിനസ് സമൂഹവുമായി സുപ്രധാനമായ നിരവധി കരാറുകൾ യാഥാർഥ്യമാകുന്നതിന് ശൈഖ് ഹംദാന്റെ സന്ദർശനം സഹായിച്ചു. സെപ കരാറിന്റെ പുതിയ സാധ്യതകൾ തേടുന്നതായിരുന്നു സന്ദർശനമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളാണ് യു.എ.ഇയിലുള്ളതെന്ന് സ്റ്റാർട്ടപ്പ് മിഡിലീസ്റ്റ് സ്ഥാപകനും സി.ഇ.ഒയുമായ സിബി സുധാകരൻ പറഞ്ഞു. ലോക രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ദുബൈ നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
സ്റ്റാർട്ടപ്പുകളിലേക്ക് എളുപ്പത്തിൽ നിക്ഷേപം ആകർഷിക്കാൻ ഇത് സഹായകമാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ നഗരവത്കരണം അതിവേഗത്തിലാണെന്ന് ഹൈലൈറ്റ് ഗ്രൂപ് സി.ഇ.ഒ അജിൽ മുഹമ്മദ് വ്യക്തമാക്കി. ഈ സാധ്യതകൾ മനസ്സിലാക്കിയാണ് ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടിയിൽ 10,000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടെൻ എക്സ് പ്രോപ്പർട്ടീസ് സി.ഇ.ഒ സുകേഷ് ഗോവിന്ദൻ, താസ് ആൻഡ് ഹാംജിത്ത് ഫിനാൻഷ്യൽ അഡ്വൈസറി അസി. മാനേജർ സി.എ അജ്മൽ, വിർജിൻ പവർ ആൻഡ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സജി തോമസ്, അറേബ്യൻ ആക്സസ് മാനേജ്മെന്റ് കൺസൽട്ടന്റ്സ് സ്ഥാപകനും സി.ഇ.ഒയുമായ ജൗഹർ മാളിയേക്കൽ, യു.എ.ഇയിലെ മുതിർന്ന ലീഗൽ കൺസൽട്ടന്റ്സ് വലീദ് അൽ ഹറബി, ചീഫ് മാർക്കറ്റിങ് ഡയറക്ടർ അഡ്വ. ആതിര മണയിൽ, സ്റ്റാർെഫ്ലയർ ഡോട്ട് എ.ഐ സി.ഇ.ഒ ക്രിസ്റ്റീന പാഷൻ കാലോ, ഡെസക്സ് ടെക്നോളജീസ് കോ-ഫൗണ്ടറും സി.ഇ.ഒയുമായ മുഹമ്മദ് ഷാഹിദ് ഖാൻ തുടങ്ങിയവരും വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി.
ആർ.എം.ഇസെഡ് കൺസൽട്ടിങ് ആൻഡ് അഡ്വൈസറി മാനേജിങ് ഡയറക്ടർ റിയാസ് മുഹമ്മദ് മോഡറേറ്ററായിരുന്നു. വെള്ളിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ എക്സ്പോയായ കമോൺ കേരളയുടെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.