ഹഫ്സാബി ഷംസുദ്ദീൻ

അതിഥികളില്ലാ റമദാനിലെ അതിഥി

ഈവർഷം റമദാ​െൻറ ആദ്യദിനങ്ങൾ ദുബൈ ഡിസ്കവറി ഗാർഡൻസിലെ മകളുടെ താമസസ്ഥലത്തായിരുന്നു. റമദാനിലെ എ​െൻറ പ്രഭാതം എന്ന് പറഞ്ഞാൽ ഇടയത്താഴവും സുബ്​ഹിയും അതിന് ശേഷമുള്ള 'പള്ളിയുറക്കവും' കഴിഞ്ഞ് ഏതാണ്ട് 11നും 12നും ഇടക്കുള്ള സമയമായിരിക്കും.

താമസിക്കുന്ന സ്ഥലത്തെ പച്ചപ്പിന് അപ്പുറത്തേക്കുള്ള ദൂരക്കാഴ്ചയിൽ വളരെ അകലെയായി ബുർജ് ഖലീഫയുടെ തലയുടെ അറ്റമുണ്ട്. കുറച്ചകലെ പേരറിയാത്ത വേറെ കുറെ കൂറ്റൻ കെട്ടിടങ്ങളുടെ നിരയുണ്ട്. ഇങ്ങരികിൽ താമസക്കാർക്കുള്ള പാർക്കിങ് സ്​ഥലത്തോട്​ ചേർന്ന് ചെത്തിമിനുക്കിയ ചെടികൾ, പൂവിട്ടു നിറഞ്ഞുനിൽകുന്ന ബോഗൻ വില്ലകൾ, മുറിയോട് ഏറ്റവും അടുത്ത് പച്ചവിരിച്ച പുൽത്തകിടിയിൽ വലിയ മരങ്ങൾ. മുറിയുടെ അഴികളില്ലാത്ത ചില്ലുജാലകം തുറക്കുന്നത് ഈ പുൽത്തകിടിയിലേക്കാണ്. നാടൻ ഭാഷയിൽ പറഞ്ഞാൽ വീടി​െൻറ കിഴക്കേപ്പുറമാണിത്. ജനൽ തുറന്നാൽ പുലർകാലത്ത് ഉദയസൂര്യ​െൻറ ഭംഗി ആസ്വദിക്കാം.

പുറത്തെ മരങ്ങൾക്കിടയിൽ പല കിളികളുടെ കൊഞ്ചലും വർത്തമാനങ്ങളും കേൾക്കാം. കാക്ക, മൈന, കാട, തത്ത, പിന്നെ പേരറിയാത്ത കുറെ പേർ. അടക്കാക്കുരുവികൾ പോലെ ചെറുകിളികൾ പലതുണ്ട്. പ്രാവുകളുടെ കൂട്ടം വേറെ. മരംകൊത്തി പോലെ തോന്നുന്ന ഹുദ്ഹുദ് എന്ന പക്ഷിയുണ്ട്. കിളികളുടെ കളിയും ചിരിയും അടിപിടിയും കണ്ടിരിക്കലും അത് മൊബൈലിൽ പകർത്തലുമാണ് രാവിലെ എ​െൻറ ഹോബി. ഇടക്ക് അവക്ക് തീറ്റ കൊടുക്കും. വെള്ളം വേണ്ടി വരാറില്ല. ചെടികൾ നനക്കുന്ന സ്പ്രിംഗ്ളർ ഇടക്കിടെ പ്രവർത്തിക്കുന്നതുകൊണ്ട് ആവശ്യത്തിന് വെള്ളം അവക്ക് കിട്ടും.

വൈകുന്നേരത്തെ നല്ലകാഴ്ചകൾ പടിഞ്ഞാറേ പുറത്താണ്. വിവിധതരം നായ്​ക്കളുമായി സായാഹ്ന സവാരിക്ക് ഇറങ്ങുന്ന സുന്ദരൻമാരും സുന്ദരികളും.നേരത്തേ പറഞ്ഞ പ്രഭാതങ്ങളിൽ ഒന്നിൽ, നോമ്പ് രണ്ടാമത്തെ പത്തിലേക്ക് കടന്ന ദിവസം. രാവിലെ പതിനൊന്നരയായി കാണും. കിഴക്കേപുറത്ത് ജനലിനപ്പുറം ഒരു ബഹളം. നോക്കിയപ്പോൾ ഒരു ഫിലിപ്പിനോ സുന്ദരി. താഴെ വീണുകിടക്കുന്ന ഒരു തത്തമ്മയാണ്​ അവരുടെ വിഷയം.

എന്നെ കണ്ടതും 'ഓ മൈഗോഡ്... ആൻറി, പാരറ്റ്… ലഗ് ഇൻജുവേഡ്, ഇറ്റ് കാൺഡ് വാക് ആൻഡ് ഫ്ലൈ'.

തത്തയുടെ കാലിന് പരിക്കേറ്റിട്ടുണ്ടെന്നും നടക്കാനും പറക്കാനും പറ്റുന്നില്ലെന്നും അറിയാവുന്ന ഇംഗ്ലീഷിൽ ഞാൻ മനസ്സിലാക്കി. തത്ത താങ്കളുടേയാണോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. അല്ല, ഇതുവഴി വന്നപ്പോൾ വീണുകിടക്കുന്നത് കണ്ടതാണെന്നും മറുപടി.

''അതിനെ ഒന്ന് പിടിച്ചുതരാമോ, മുറിവിൽ വല്ല മരുന്നും വെക്കാം''- ഞാൻ പറഞ്ഞു.''അയ്യോ.. എനിക്ക് പിടിക്കാൻ പേടിയാണ്'' എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറി. കുറച്ചുനാളായി അലട്ടുന്ന മുട്ടുവേദന ഓർമിപ്പിച്ച് ഞാൻ അവരോട് ''അങ്ങോട്ട് നടന്നുവരാൻ പ്രയാസമുണ്ട്'' എന്ന് അറിയിച്ചു.

എന്നാൽ, ടവലോ തുണിയോ തന്നാൽ ഞാൻ ശ്രമിക്കാമെന്നായി ഫിലിപ്പീനി സുന്ദരി. ഞാൻ രണ്ട് കവർ സംഘടിപ്പിച്ച് കൊടുത്തു. കുറച്ചുകഴിഞ്ഞപ്പോഴേക്ക് അവൾ അതിനെ കവർകൊണ്ട് കൂട്ടിപ്പിടിച്ച് എനിക്ക് ജനലിലൂടെ കൈമാറി. കവർമാറ്റി തത്തക്ക് കുടിക്കാൻ വെള്ളംകൊടുത്തു. കാലൊക്കെ ഒന്നു പരിശോധിച്ചു നോക്കി. ചിറക് മുളച്ചുവരുന്ന ഒരു കുഞ്ഞുതത്തയായിരുന്നു അത്. പറക്കാൻ പഠിപ്പിക്കുന്നതിനിയിൽ അമ്മയുടെ കൈവിട്ടുപോയതാകണം കുഞ്ഞിത്തത്ത.

എന്തായാലും സ്ഥലത്തെ പൂച്ചകൾ വായിലാക്കാതെ കിട്ടിയത് ഭാഗ്യം. കൂടൊന്നും വീട്ടിലില്ലാത്തതിനാൽ നിറയെ തുളകളുള്ള ഒരു ഷോപ്പിങ് ബാസ്കറ്റിനുള്ളിൽ തത്തയെ ആക്കി മേലെ തുണിയിട്ടു മൂടി. കഴിക്കാൻ പഴവും പക്ഷികൾക്ക് കൊടുക്കാൻ വാങ്ങിവെക്കാറുള്ള ധാന്യവും പാത്രത്തിലാക്കി ബാസ്കറ്റിൽ വെച്ചുകൊടുത്തു. പ​േക്ഷ, അതിലൊന്നും ഒരു താൽപര്യവും കാണിക്കാതെ പ്രതിഷേധത്തിലാണ് കുഞ്ഞിത്തത്ത.

ഓൺലൈൻ ക്ലാസിലായിരുന്ന പേരക്കുട്ടികളോട് ഇടവേളയിൽ കാര്യം പറഞ്ഞു. തത്തയെ കണ്ടപ്പോൾ അവർക്ക് വലിയ സന്തോഷം. തത്തയെ കിട്ടിയ വിവരം അറിയിക്കാൻ അവർ ഓഫിസിൽ പോയ വാപ്പയെ വിളിക്കുന്നു, ഉമ്മയെ വിളിക്കുന്നു. ആകെ ആവേശവും ബഹളവും. ഓഫിസിൽ നിന്ന് വരുമ്പോൾ കൂട് വാങ്ങികൊണ്ടുവരാം എന്ന് സമാധാനിപ്പിച്ചാണ് അവരെ രണ്ടുപേരെയും ക്ലാസിലേക്ക് മടക്കി അയച്ചത്.

അവർ വീണ്ടും എത്തുമ്പോഴേക്ക് തത്തയും അത്യാവശ്യം ഉഷാറായി, എല്ലാവരോടും ചെറിയ പരിചയത്തിലായി. പ​േക്ഷ, കൂട്ടിലിട്ട് വളർത്തണോ എന്നതായി കുട്ടികളുമായുള്ള ചർച്ച. അമ്മയുടെ കൈയിൽ നിന്ന് വീണ് പോയ തത്തയാണ്. തിരിച്ചുകിട്ടിയില്ലെങ്കിൽ ആ അമ്മക്കും അച്ഛ​നും എത്രവിഷമം കാണും. കുട്ടികൾ ആ വിഷമം ഉൾക്കൊണ്ടു. പൂച്ചകൾക്ക് കുഞ്ഞിത്തത്തയെ കിട്ടാതെ എങ്ങനെ അതിനെ തിരിച്ചേൽപിക്കും എന്നതായി പിന്നെ ചർച്ച. തത്തയെ കൂട്ടിലടച്ച് വളർത്താനുള്ള മോഹം അവർ ഉപേക്ഷിച്ചു.

രാത്രി ആയപ്പോഴേക്ക് കുഞ്ഞിത്തത്ത കുറെക്കൂടി ഉഷാറായി. ബാസ്കറ്റിന് മുകളിലെ തുണിയൊക്കെ മാറ്റി പുറത്തുചാടാനുള്ള ഒരുക്കത്തിലാണ്. കുട്ടികളോടുള്ള പേടിയും അമ്പരപ്പുമൊക്കെ മാറിയിട്ടുണ്ട്. ഓഫിസിൽ നിന്നെത്തിയ മകളും മരുമകനും കൂടി അവരുടെ വകയും കുഞ്ഞിത്തത്തക്ക് പഴവും വെള്ളവുമൊക്കെ നൽകി സൽക്കരിച്ചു. കുഞ്ഞിത്തത്തയും ഹാപ്പിയാണ്.

നേരം വെളുത്തു. കുഞ്ഞിത്തത്ത ഇരിക്കുന്ന ബാസ്കറ്റ് മക്കൾ പതുക്കെ പുറത്തുകൊണ്ടുവെച്ചു. പൂച്ചവരുന്നില്ലെന്ന് ഉറപ്പിക്കാൻ അകലെ കാവൽ നിന്നു. അപ്പോൾ തന്നെ കുറച്ചകലെ നിന്ന് കുഞ്ഞിതത്തയുടെ അമ്മയുടെയും അച്ഛ​​െൻറയും ആനന്ദകരച്ചിൽ കേട്ടു. അൽപനിമിഷങ്ങൾക്കകം അവർ അരികിലെത്തി കുഞ്ഞിത്തത്തയെയും കൂടെക്കൂട്ടി എവിടേക്കോ പറന്നു.

അതിഥികൾ വരാത്ത ഒരു റമദാൻ രാവിൽ ആരും ക്ഷണിക്കാതെ വന്നെത്തിയ ഒരു അതിഥി വീട്ടിൽ വന്ന് മനസ്സും വയറും നിറച്ച് തിരിച്ചുപോയതി​െൻറ സന്തോഷമായിരുന്നു എല്ലാവർക്കും അന്ന്.

Tags:    
News Summary - Guest in Ramadan without guests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.