ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് ജേതാക്കൾ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനൊപ്പം
ദുബൈ: 2025ലെ ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡുകൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമ്മാനിച്ചു. ദുബൈ ഫ്യൂച്ചർ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ആറ് ജേതാക്കളും കുടുംബാംഗങ്ങൾക്കും ഒപ്പം ഭരണപ്രമുഖരും ഉദ്യോഗസ്ഥരും അടക്കമുള്ളവർ പങ്കെടുത്തു. നാചുറൽ സയൻസ് വിഭാഗത്തിൽ പ്രൊഫ. മജീദ് ചെർഗുയി, എൻജിനീയറിങ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ പ്രൊഫ. അബ്ബാസ് എൽ ഗമാൽ, മെഡിസിൻ വിഭാഗത്തിൽ ഡോ. നബീൽ സെയ്ദ, സാമ്പത്തിക ശാസ്ത്ര വിഭാഗത്തിൽ പ്രൊഫ. ബാദി ഹാനി, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ വിഭാഗത്തിൽ ഡോ. സുവാദ് അമീരി, സാഹിത്യ, കലാ വിഭാഗത്തിൽ പ്രൊഫ. ചാർബൽ ഡാഗർ എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. 10ലക്ഷം ദിർഹമാണ് ഓരോ അവാർഡ് ജേതാക്കൾക്കും സമ്മാനിച്ചത്.
അറബ് ലോകത്തെ മികച്ച ശാസ്ത്രജ്ഞർ, ചിന്തകർ, കണ്ടുപിടുത്തക്കാർ എന്നിവരെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 2022ൽ ആരംഭിച്ച ‘ഗ്രേറ്റ് അറബ് മൈൻഡ്സ് അവാർഡ് ‘അറബ് നോബൽ’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
മെഡിസിൻ, നാച്ചുറൽ സയൻസസ്, എൻജിനീയറിങ് ആൻഡ് ടെക്നോളജി, ഇക്കണോമിക്സ്, ആർക്കിടെക്ചർ ആൻഡ് ഡിസൈൻ, ലിറ്ററേച്ചർ ആൻഡ് ആർട്സ് തുടങ്ങിയ മേഖലകളിലെ അസാധാരണ സംഭാവനകൾക്കാണ് പുരസ്‌കാരം നൽകുന്നത്. അറബ് ലോകത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുക, അവരുടെ ആശയങ്ങളെ പിന്തുണയ്ക്കുക, യുവതലമുറയ്ക്ക് പ്രചോദനമാവുക, അറബ് ലോകത്തിന്റെ ശാസ്ത്ര–സാംസ്കാരിക മുന്നേറ്റം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പുരസ്‌കാരം രൂപകൽപന ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.