ദുബൈ: വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഗസ്സയുടെ പുനരധിവാസത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.എ.ഇ. അന്താരാഷ്ട്ര സമൂഹവുമായി സഹകരിച്ച് എത്രയും വേഗത്തിൽ പുനരധിവാസം ഉറപ്പാക്കുമെന്ന് ഭരണകൂടം വ്യക്തമാക്കി. ഇസ്രായേൽ ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട ഗസ്സയുടെ പുനർനിർമാണത്തിന് എല്ലാവിധ സഹായവുമായി മുമ്പിൽ നിൽക്കുമെന്നാണ് യു.എ.ഇയുടെ പ്രഖ്യാപനം.
ഫലസ്തീൻ ജനത അനുഭവിക്കുന്ന യാതനകൾ ഹൃദയഭേദകമാണ് എന്നും ഭാവനക്ക് അതീതമായ നഷ്ടമാണ് സംഭവിച്ചിട്ടുള്ളതെന്നും അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു. 466 ദിവസമായി വെടിനിർത്തലിനായി കാത്തിരിക്കുന്നു. യുദ്ധം തുടങ്ങിയതിനുശേഷം ഓരോ ദിവസവും കര, കടൽ, വ്യോമ മാർഗങ്ങൾ വഴി ഗസ്സയിൽ എന്തെങ്കിലും സഹായമെത്തിക്കാൻ യു.എ.ഇ ശ്രമിച്ചിട്ടുണ്ട്. സാധ്യമായ സഹായങ്ങൾ ഇനിയുമെത്തിക്കാൻ വിവിധ പങ്കാളികളുമായി ചേർന്ന് നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുകയുമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഗസ്സക്ക് നൽകുന്ന സഹായം വർധിപ്പിക്കാൻ തയാറാണ്. ദുരിതമനുഭവിക്കുന്നവർക്കായി എത്തിച്ച ആയിരക്കണക്കിന് ടൺ സഹായവസ്തുക്കൾ തങ്ങളുടെ സ്നേഹവും സഹാനുഭൂതിയും പൂർണമായും പ്രതിഫലിപ്പിക്കുന്നില്ല. എല്ലായ്പ്പോഴും ഫലസ്തീൻ ജനതക്കൊപ്പമാണ് യു.എ.ഇ നിലകൊണ്ടിട്ടുള്ളതെന്നും റീം അൽ ഹാഷ്മി ചൂണ്ടിക്കാട്ടി. പുനരധിവാസത്തിന്റെ ഭാഗമായി, കഴിഞ്ഞ ദിവസം ഖാൻ യൂനിസിലെ അൽ അഖ്സ യൂനിവേഴ്സിറ്റിക്കടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ യു.എ.ഇ ശൈത്യകാല അവശ്യവസ്തുക്കളെത്തിച്ചു. 9500 പേർക്ക് സഹായത്തിന്റെ ഗുണഫലം ലഭിച്ചതായി ഗസ്സയിലെ യു.എ.ഇ റിലീഫ് മിഷൻ മേധാവി ഹമദ് അൽ നയാദി പറഞ്ഞു. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ സഹായദൗത്യത്തിന്റെ വേഗം കൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസ്സയിലെ ദുരിതാശ്വാസ-സന്നദ്ധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ച ഓപറേഷൻ ഷിവൽറസ് നൈറ്റ് ത്രീയുടെ ഭാഗമായി 29,584 ടൺ സഹായമാണ് ഇതുവരെ യു.എ.ഇ വിവിധ പ്രദേശങ്ങളിലെത്തിച്ചിട്ടുള്ളത്. യുദ്ധത്തിന് ശേഷം ഗസ്സക്ക് ഏറ്റവും കൂടുതൽ സഹായമെത്തിച്ച രാഷ്ട്രവും യു.എ.ഇയാണ്. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ലഭിച്ച ആകെ സഹായത്തിന്റെ നാൽപ്പത്തി രണ്ട് ശതമാനവും യു.എ.ഇയിൽ നിന്നാണ് എന്നാണ് കണക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.