ചില്ലുകള്‍ തലയിൽ തുളഞ്ഞുകയറി; ഞെട്ടല്‍ മാറാതെ സിദ്ദീഖ്

അബൂദബി: ഉഗ്ര ശബ്ദത്തില്‍ എന്തോ പൊട്ടിത്തെറിക്കുന്നത് മാത്രമേ കേട്ടുള്ളൂ. അപ്പോഴേക്കും ചില്ലുകള്‍ തലയിലും മുഖത്തും കാലിലുമെല്ലാം പാഞ്ഞുകയറിയിരുന്നു. ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുമ്പോഴും സിദ്ദീഖിന് ഞെട്ടല്‍ മാറുന്നില്ല. തല നാരിഴക്കാണ് രക്ഷപ്പെട്ടത്. എവിടേക്ക് ഇറങ്ങി ഓടാനാണ്. ഗ്ലാസ്സുകളും ടൈലുകളുമെല്ലാം പൊട്ടിച്ചിതറി ഷോപ്പും പരിസരവുമെല്ലാം പൊടിയും പുകയും നിറഞ്ഞിരുന്നു. അബൂദബി ഖാലിദിയയിലെ റെസ്റ്റോറന്‍റ്​ കെട്ടിടത്തിന്‍റെ പാചക വാതക സംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബളാല്‍ കല്ലഞ്ചിറ സിദ്ദീഖ് അടക്കം നിരവധി മലയാളികള്‍ക്കാണ് പരിക്കേറ്റത്.

പലരും ഇപ്പോഴും സാരമായ പരിക്കുകളോടെ ചികില്‍സയിലാണ്. പൊട്ടിത്തെറിയുണ്ടായ കെട്ടിടത്തിനു സമീപത്തെ മറ്റൊരു ഷോപ്പിലാണ് ജോലി ചെയ്യുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ ഈ ഷോപ്പിന്‍റെ ഗ്ലാസ്സുകള്‍ തകര്‍ന്നാണ് പരിക്കേറ്റത്. അബൂദബി കാഞ്ഞങ്ങാട് കെ.എം.സി.സി മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് ബല്ലാ കടപ്പുറം, കാഞ്ഞങ്ങാട് സ്വദേശി റാഷിദ് വടകരമുക്ക് തുടങ്ങിയവര്‍ ചികില്‍സയിലാണുള്ളത്.

അപകടം ഉണ്ടായ റസ്റ്റാറന്‍റിലെ ജീവനക്കാരായ കോഴിക്കോട് അത്തോളി സ്വദേശികളായ രാഹുല്‍, ഷാഹുല്‍ ഹമീദ്, തൃശൂര്‍ സ്വദേശികളായ ബിനീഷ്, അലിയാര്‍ എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. ഭക്ഷണം ഓര്‍ഡര്‍ ഉണ്ടായിരുന്നതിനാല്‍ അത് കൊടുക്കാനായി 15 മിനിറ്റ് മുമ്പാണ് ഷാഹുലും രാഹുലും പോയത്. രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് ബിനീഷും അലിയാരും റൂമിലേക്ക് മാറിയതിന് അര മണിക്കൂറിനു ശേഷമാണ് അപകടമുണ്ടാവുന്നത്. ആദ്യത്തെ സ്‌ഫോടന ശബ്ദം കേട്ടയുടന്‍ തന്നെ പോലിസും അഗ്​നിശമന വിഭാഗവും കുതിച്ചെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്നവരെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍, തുടര്‍ന്നുണ്ടായ ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് കൂടുതല്‍ അപകടത്തിനു കാരണമായത്. പൊട്ടിത്തെറിയില്‍ സമീപത്തെ കെട്ടിടങ്ങളിലെയും ഷോപ്പുകളിലെയും ചില്ലുകളും ടൈലുകളും മറ്റും ചിതറിത്തെറിച്ചാണ് അധികം പേര്‍ക്കും പരിക്കേറ്റത്.

News Summary - gas cylinder blast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.