ദുബൈ: എമിറേറ്റിലെ പൊതുഗതാഗത ബസുകളിലെ മുൻഭാഗത്തെ സീറ്റുകളിൽ മുൻഗണന മുതിർന്നവർക്കും ഗർഭിണികൾക്കും കുട്ടികളുള്ള അമ്മമാർക്കും നൽകണം. ദുബൈ പബ്ലിക് ബസുകളിലെ യാത്രക്കാർക്കാണ് ഇതു സംബന്ധിച്ച മാർഗനിർദേശം ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യാണ് സമൂഹമാധ്യമങ്ങളിലൂടെ നൽകിയിരിക്കുന്നത്.
എല്ലാവരെയും ഉൾക്കൊള്ളുന്നതും എളുപ്പത്തിലുള്ളതുമായ പൊതുഗതാഗത സംവിധാനം സൃഷ്ടിക്കുന്നതിനുള്ള ആർ.ടി.എയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് സംവിധാനം. പൊതുഗതാഗതം എല്ലാവർക്കും സുരക്ഷിതവും കൂടുതൽ സൗകര്യപ്രദവുമാക്കുക എന്ന ആർ.ടി.എയുടെ വിശാലമായ ദൗത്യത്തിന്റെ ഭാഗമായി ദുർബലരായ യാത്രക്കാർക്ക് കൂടുതൽ സുഖത്തോടെയും, അന്തസ്സോടെയും, മനഃസമാധാനത്തോടെയും യാത്ര ചെയ്യാൻ കഴിയുന്ന സാഹചര്യം ഈ സംരംഭം ഉറപ്പാക്കും.
ദുബൈയിലെ ഗതാഗത ശൃംഖലയുടെ നിർണായക ഘടകമായ പൊതു ബസ് സംവിധാനത്തിൽ 187 റൂട്ടുകളിലായി 1,390ൽ അധികം ബസുകൾ സർവിസ് നടത്തുന്നുണ്ട്. ഇതുവഴി പ്രതിദിനം 11,000 ട്രിപ്പുകൾ നടത്തുകയും അഞ്ചു ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുകയും ചെയ്യുന്നുണ്ട്. സർവിസിന് ഉപയോഗിക്കുന്ന ആധുനിക, എയർ കണ്ടീഷൻ ചെയ്ത ബസുകൾ നിശ്ചയദാർഢ്യമുള്ള ആളുകൾ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും യോജിച്ച രീതിയിൽ വിപുലമായ സുരക്ഷയും സംവിധാനങ്ങളും സജ്ജീകരിച്ചവയാണ്.
വേനൽ കനക്കുന്നതിനിടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കി പൂർണ സജ്ജമാക്കിയതായി ആർ.ടി.എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. നഗരത്തിലെ 622 സ്ഥലങ്ങളിലെ 893 ശീതീകരിച്ച ബസ് ഷെൽട്ടറുകളാണ് പൂർണ പ്രവർത്തന സജ്ജമാക്കിയത്.
വീൽചെയർ ഉപയോക്താക്കൾക്കായി നിശ്ചിത സ്ഥലങ്ങളും എമിറേറ്റിലെ ബസ് ഗതാഗത ശൃംഖലയെ ചിത്രീകരിച്ച ദിശാസൂചക അടയാളങ്ങളും കാത്തിരിപ്പ് കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വേനൽക്കാലത്തിന് മുന്നോടിയായി ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ പരിശോധനയും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.