ദുബൈ: നവീന ആശയങ്ങളെയും സംരംഭകരെയും ആകർഷിക്കുന്നതിനും പുതിയ കേന്ദ്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി ‘ഫ്രീസോൺ സോൺ ഓഫ് ഫ്യൂച്ചർ’ പദ്ധതി അടുത്ത വർഷം ആരംഭിക്കുമെന്ന് വേൾഡ് ഫ്രീ സോൺ ഓർഗനൈസേഷൻ അറിയിച്ചു. പുനരുപയോഗ ഊർജം, ആരോഗ്യസുരക്ഷ, വിനോദ സഞ്ചാരം, കാർഷിക വ്യവസായങ്ങൾ, ഉൽപാദനം തുടങ്ങിയ മേഖലകളിൽ സംരംഭകത്വവും നവീകരണവും പ്രോത്സാഹിപ്പിക്കുന്ന ബിസിനസ് ഹബുകളായി ഫ്രീസോണുകളെ മാറ്റുകയാണ് ലക്ഷ്യമെന്ന് വേൾഡ് ഫ്രീ സോൺ ഓർഗനൈസേഷൻ ചെയർമാൻ മുഹമ്മദ് അൽ സറൂണി പറഞ്ഞു.
പ്രഫഷനൽ പരിശീലനത്തിനായുള്ള അക്കാദമി സോൺ, വിവിധ പങ്കാളികളുടെ സഹകരണത്തിനായുള്ള നയ പ്രഭാഷണങ്ങൾ, കൂടുതൽ സമ്പന്നമായ ഭാവിക്കായി ദേശീയ സാമ്പത്തിക ചട്ടക്കൂടിലേക്ക് ഫ്രീ സോണുകളെ സംയോജിപ്പിക്കുന്നതിനുള്ള ദേശീയോദ്ഗ്രഥന പദ്ധതി എന്നിവ ഇതിന്റെ ഭാഗമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് ഫ്രീസോൺ ഓർഗനൈസേഷൻ സംഘടിപ്പിച്ച 10ാമത് വേൾഡ് കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 44 ഫ്രീസോണുകളാണ് യു.എ.ഇയിൽ പ്രവർത്തിക്കുന്നത്.
സാങ്കേതിക വിദ്യ, ആരോഗ്യസുരക്ഷ, ലോജിസ്റ്റിക്സ്, സാമ്പത്തികം തുടങ്ങിയ മേഖലകളിലുള്ള വിവിധ സേവനങ്ങളും കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങളുമാണ് ഫ്രീസോണുകളിൽ നൽകുന്നത്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും മൂലധനം ആകർഷിക്കാൻ ഫ്രീസോണുകൾ സഹായിക്കുന്നുണ്ട്. കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും സൃഷ്ടിച്ചുകൊണ്ട് സാമ്പത്തികമായ വൈവിധ്യവത്കരണത്തെ ഫ്രീസോണുകൾ പിന്തുണക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.