ദുബൈ: യു.എ.ഇ പൗരത്വം എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് ധനാഢ്യരിൽനിന്ന് പണംതട്ടുന്ന വ്യാജ കമ്പനി ആഭ്യന്തര മന്ത്രാലയം അധികൃതർ അടപ്പിച്ചു. പ്രത്യേകിച്ച് പേരൊന്നും ഇടാതെ ദുബൈയിൽ പ്രവർത്തിച്ചിരുന്ന കമ്പനിയാണ് അടച്ചുപൂട്ടിയത്.വലിയ നിക്ഷേപമുള്ള ബിസിനസുകാരെ ലക്ഷ്യമിട്ടാണ് വ്യാപക തട്ടിപ്പിന് ശ്രമം നടത്തിയത്. താൽപര്യമുള്ള വ്യക്തികളെ സമീപിച്ച് ബിസിനസ് പ്രോസസിങ് ഫീസ് എന്ന പേരിൽ 10,000 യു.എസ് ഡോളർ ഇൗടാക്കിയാണ് തട്ടിപ്പിന് തുടക്കം കുറിക്കുന്നത്.യു.എ.ഇ പൗരത്വം നേടാൻ സമ്പന്നവ്യക്തികളെ സഹായിക്കുമെന്ന് പ്രചരിപ്പിച്ചാണ് കമ്പനി പ്രവർത്തിച്ചതെന്നും ദുബൈ ഇക്കണോമിയിലെ ഉപഭോക്തൃസംരക്ഷണ ഏജൻസി ചൂണ്ടിക്കാട്ടി.
ഒരു തരത്തിലുള്ള അംഗീകാരവുമില്ലെങ്കിൽപോലും കബളിപ്പിക്കപ്പെട്ട നിരവധിപേരിൽനിന്ന് അപേക്ഷകൾ ലഭിച്ചതായും വ്യക്തിഗത വിശദാംശങ്ങൾ, സ്വത്ത് സംബന്ധിച്ച് തെളിവുകൾ എന്നിവ കമ്പനി അവലോകനം നടത്തിയതായി തെളിഞ്ഞിട്ടുണ്ടെന്നും ദുബൈ ഇക്കണോമിയിലെ ഉപഭോക്തൃ സംരക്ഷണ ഏജൻസി ചൂണ്ടിക്കാട്ടി.നിക്ഷേപകർ, ഡോക്ടർമാർ, ശാസ്ത്രജ്ഞർ, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ തുടങ്ങിയ പ്രഫഷനലുകൾക്ക് പൗരത്വം നൽകുമെന്ന് ജനുവരിയിൽ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു.യു.എ.ഇ കാബിനറ്റ്, ഭരണാധികാരികളുടെ കോടതികൾ അല്ലെങ്കിൽ ഏഴ് എമിറേറ്റുകളുടെ എക്സിക്യൂട്ടിവ് കൗൺസിലുകൾ എന്നിവരുടെ നാമനിർദേശത്തെ അടിസ്ഥാനമാക്കിയായിരിക്കും ഈ പ്രക്രിയയെന്നും ഔദ്യോഗികമായി വിശദീകരിച്ചിരുന്നു.
എന്നാൽ, ഇതിെൻറ ചുവടുപിടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണോ വ്യാപകമായ തട്ടിപ്പിന് കളമൊരുക്കിയതെന്ന കാര്യം പരിശോധിക്കുകയാണ് അധികൃതർ. എന്നാൽ തട്ടിപ്പുകാർക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നത ബന്ധങ്ങളുണ്ടോ അവരെയും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടോ എന്നിവ സംബന്ധിച്ചൊന്നും അധികൃതർ ഇതുവരെ വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.