ദുബൈ: വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോമിന്റെ തട്ടിപ്പിൽ അകപ്പെട്ട് ഒരാൾക്ക് 42,000 ദിർഹം നഷ്ടമായി. യു.എ.ഇ ആഭ്യന്തരമന്ത്രാലയം ബോധവത്കരണ കാമ്പയിനിന്റെ ഭാഗമായാണ് തട്ടിപ്പ് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വരുമാനം വർധിപ്പിക്കാൻ എളുപ്പവഴി എന്ന പേരിൽ സമൂഹമാധ്യമം വഴിയാണ് ഇരയായ വ്യക്തിക്ക് ആദ്യമായി സന്ദേശം ലഭിക്കുന്നത്. മുഴുസമയ ജോലി ഉപേക്ഷിക്കാതെതന്നെ പണം സമ്പാദിക്കാനുള്ള വഴിയാണിതെന്ന് ഇവർ വിശ്വസിപ്പിക്കുകയായിരുന്നു. സുരക്ഷിതമായ ട്രേഡിങ് പ്ലാറ്റ്ഫോമാണെന്നാണ് അവകാശപ്പെട്ടിരുന്നത്.
ഓരോ ദിവസവും 100 ദിർഹം മുതൽ 325 ദിർഹം വരെ സമ്പാദിക്കാനുള്ള അവസരമുണ്ടെന്നും വിശ്വസിപ്പിച്ചു. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ച് ചെറിയ ലാഭം കിട്ടിത്തുടങ്ങി. തുടർന്ന് ഈ തുക വർധിപ്പിച്ച് 42,000 ദിർഹം വെർച്വൽ ബാലൻസ് ലഭിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, ഇത് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നമുണ്ടെന്നും അക്കൗണ്ട് തിരിച്ചുകിട്ടാൻ വീണ്ടും പണമടക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിനെതുടർന്ന് കമ്പനിയുടെ പ്രദേശിക ഓഫിസുമായും വാട്സ്ആപ് വഴിയും ബന്ധപ്പെടാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്ന് മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് വഴി ഇയാൾ പരാതിപ്പെടുകയായിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ എളുപ്പത്തിലുള്ള ലാഭവും അധിക വരുമാനവും വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന ട്രേഡിങ് പ്ലാറ്റ്ഫോമുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കർശന മുന്നറിയിപ്പ് നൽകി. ട്രേഡിങ് അടക്കമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് മുമ്പ് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി പ്ലാറ്റ്ഫോമുകളുടെ ആധികാരികതയും ലൈസൻസിങ്ങും പരിശോധിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഓൺലൈൻ തട്ടിപ്പിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ, ഫെഡറൽ ക്രിമിനൽ പൊലീസുമായി സഹകരിച്ച് ജൂൺ പകുതിയോടെ ‘അതിൽ വീഴരുത്’ എന്ന തലക്കെട്ടിൽ രാജ്യവ്യാപകമായി ബോധവത്കരണ കാമ്പയിൻ ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങളോ തട്ടിപ്പ് ശ്രമങ്ങളോ ശ്രദ്ധയിൽപെട്ടാൽ ‘എം.ഒ.ഐ.യു.എ.ഇ’ ആപ്പിൽ ലഭ്യമായ സൈബർ കുറ്റകൃത്യ റിപ്പോർട്ടിങ് പ്ലാറ്റ്ഫോം വഴി റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.