കെ.എൻ ട്രേഡിങ് ഉടമകൾ ദുബൈയിൽ നടത്തിയ വാർത്ത സമ്മേളനം
ദുബൈ: വ്യാജ ബാങ്ക് ഇടപാട് രേഖകൾ ചമച്ച് മലയാളികൾ ഉൾപ്പെടെയുള്ള വ്യാപാരികളിൽ നിന്ന് ലക്ഷക്കണക്കിന് ദിർഹത്തിന്‍റെ ഉൽപ്പന്നങ്ങൾ തട്ടിയെടുത്തതായി പരാതി. ദുബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനിക്കെതിരെ കേരളത്തിലെ കയറ്റുമതി/ഇറക്കുമതി സ്ഥാപനമായ കെ.എൻ ട്രേഡിങ് അധികൃതരാണ് ദുബൈ പൊലീസിൽ പരാതി നൽകിയത്. ഏതാണ്ട് ആറ് ലക്ഷം ദിർഹം (ഒന്നര കോടി രൂപ) ഇവരുമായുള്ള ഇടപാടിലൂടെ നഷ്ടം സംഭവിച്ചുവെന്ന് കെ.എൻ ട്രേഡിങ് ഡയറക്ടർമാരായ അബ്ദുൽ ഗഫൂർ, ഫാഹിം അൽ കാസിമി, ഡോ. ഹുസ്ന ഗഫൂർ, ഫാരിസ് അൽ കാസിമി എന്നിവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. രാജസ്ഥാൻ സ്വദേശികളാണ് കമ്പനി ഉടമകൾ. ഇവർക്കെതിരെ സിവിൽ കേസ് വിജയിച്ചെങ്കിലും കമ്പനി പൂട്ടി പുതിയ പേരിൽ മറ്റൊരു എമിറേറ്റിൽ ബിനിസ് ആരംഭിക്കുകയായിരുന്നു.
തേങ്ങ ഉൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യ ആസ്ഥാനമായുള്ള കെ.എൻ ട്രേഡിങ് കമ്പനിയുമായി 2021 സെപ്റ്റംബറിലാണ് തട്ടിപ്പ് കമ്പനി കരാറിലേർപ്പെടുന്നത്. കരാറിന്‍റെ അടിസ്ഥാനത്തിൽ ദുബൈയിലേക്ക് അച്ചു നൽകിയ ലക്ഷക്കണക്കിന് ദിർഹത്തിന്‍റെ ഉൽപ്പന്നങ്ങൾ കൈപ്പറ്റിയ ശേഷം ഇവർ പണം നൽകാതെ മാസങ്ങളോടളം കബളിപ്പിക്കുകയായിരുന്നു. തുടർന്ന് പണം ബാങ്ക് വഴി അയച്ചതായി സ്ഥാപിക്കാൻ പ്രതികൾ വ്യാജ ബാങ്ക് ട്രാൻസ്ഫർ രേഖ കെ.എൻ ട്രേഡിങ് കമ്പനിക്ക് വാട്സാപ്പ്, ഇമെയിൽ വഴി അയച്ചു നൽകി. എന്നാൽ, കമ്പനിയുടെ ബാങ്ക് എകൗണ്ടിലേക്ക് ഈ തുക എത്തിയിട്ടില്ലെന്ന് കണ്ട് നടത്തിയ വിശദ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായതെന്നും അബ്ദുൽ ഗഫൂർ പറഞ്ഞു. വ്യാജ രേഖ ചമക്കൽ, വഞ്ചന, കോടതി വിധി അട്ടിമറിക്കാനുള്ള ശ്രമം എന്നിവ ചൂണ്ടിക്കാട്ടിയാണ് ക്രിമിനൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കണമെന്നും തങ്ങളുടെ നഷ്ടം ഈടാക്കി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
വി.ആർ ഇന്‍റർനാഷണൽ രാജ്‌കോട്ട്, ശിവ തുളസി ഗ്ലോബൽ ഇമ്പക്സ്, സത്താര, കർണാട്ടി ഫുഡ്‌ടെക് ഹൈദ്രബാദ്, രാജ് എക്സ്പോർട്സ് ട്രേഡേഴ്‌സ് കോഴിക്കോട്, ഗോതാൽ എക്സിം പ്രൈവറ്റ് ലിമിറ്റെഡ് ഫൽഗാർ എന്നീ കമ്പനികളും തട്ടിപ്പിനിരയായിട്ടുണ്ട്. സ്വന്തം യൂട്യൂബ് ചാനൽ ഉപയോഗിച്ച് സമൂഹമാധ്യമത്തിലൂടെ തട്ടിപ്പുകൾ തുടരുന്നതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.