ബാങ്കിങ് സേവനങ്ങൾ പൂര്‍ണമായി പുനഃസ്ഥാപിച്ചതായി എ.ഡി.സി.ബി

അബൂദബി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ട ബാങ്കിങ് സേവനങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിച്ചതായി അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക് (എ.ഡി.സി.ബി.) അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഇടപാടുകള്‍ നടന്നിട്ടും കഴിഞ്ഞ നാല് ദിവസമായി ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനങ്ങള്‍ പൂര്‍ണമായും സുസ്ഥിരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ദിവസങ്ങളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമാണ് തടസ്സം നേരിട്ടതെന്നും ഇത് പ്രധാനമായും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയുള്ള പേയ്‌മെന്റുകളെയും പണം കൈമാറ്റങ്ങളെയുമാണ് ബാധിച്ചതെന്നും ബാങ്ക് വിശദീകരിച്ചു.

സാങ്കേതിക തകരാറുകള്‍ ഉണ്ടായ സമയത്തും ഉപഭോക്താക്കളുടെ വിവരങ്ങളോ അക്കൗണ്ട് ബാലന്‍സോ യാതൊരുവിധത്തിലും ചോര്‍ന്നിട്ടില്ലെന്നും പൂര്‍ണ സുരക്ഷിതമാണെന്നും ബാങ്ക് മാനേജ്‌മെന്റ് വ്യക്തമാക്കി. ആഗോള സാങ്കേതിക വിദഗ്ധരുടെയും സപ്ലയര്‍മാരുടെയും സഹായത്തോടെ ബാങ്കിലെ പ്രത്യേക സംഘം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചാണ് സേവനങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കിയത്. എ.ഡി.സി.ബിയുടെ കോര്‍ ബാങ്കിങ് സിസ്റ്റം, ബ്രാഞ്ചുകള്‍, എ.ടി.എം., സി.ഡി.എം. ശൃംഖലകള്‍, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍, കോര്‍പറേറ്റ് ബാങ്കിങ് എന്നിവയെല്ലാം നിലവില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും മൊബൈല്‍ ആപ്പ് സേവനം ലഭ്യമായിട്ടുണ്ടെങ്കിലും, 'ആസ്പയര്‍' റീട്ടെയ്ല്‍ ബാങ്കിങ് വിഭാഗത്തിലെ ചെറിയ ശതമാനം ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇനി ആപ്പ് സേവനം പൂര്‍ണമായി ലഭിക്കാനുള്ളത്. സാങ്കേതിക തകരാര്‍ നേരിട്ട ദിവസങ്ങളില്‍ ഇടപാടുകള്‍ മുടങ്ങാതിരിക്കാന്‍ വാരാന്ത്യ അവധി ദിവസങ്ങളിലുള്‍പ്പെടെ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം നീട്ടി നല്‍കിയിരുന്നു. കൂടാതെ ഏത് ഉപകരണത്തില്‍ നിന്നും സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ പാകത്തിന് മൊബൈലിന് അനുയോജ്യമായ ഇന്റര്‍നെറ്റ് ബാങ്കിങ് പതിപ്പും അവതരിപ്പിച്ചിട്ടുണ്ട്. തടസങ്ങളില്‍ ഉപഭോക്താക്കളോട് ഖേദം പ്രകടിപ്പിച്ച ബാങ്ക് അധികൃതര്‍, ബാക്കിയുള്ള ചെറിയ പ്രശ്‌നങ്ങള്‍ കൂടി ഉടന്‍ പരിഹരിക്കുമെന്നും വ്യക്തമാക്കി.

Tags:    
News Summary - ADCB says banking services have been fully restored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.