ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം (എസ്.ഐ.ബി.എഫ്) നവംബർ നാലുമുതൽ 15 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി അറിയിച്ചു. ലോകമെമ്പാടുമുള്ള വായനക്കാർ, എഴുത്തുകാർ, പ്രസാധകർ, വിവർത്തകർ എന്നിവർ മേളയിൽ അണിനിരക്കും. 12 ദിവസത്തെ പുസ്തകോത്സവത്തിൽ സാഹിത്യ-ബൗദ്ധിക ചർച്ചകൾ, കുട്ടികൾക്കും യുവാക്കൾക്കുമായുള്ള വൈവിധ്യമാർന്ന പരിപാടികൾ, പബ്ലിഷിങ് രംഗത്തെ പ്രൊഫഷനലുകൾക്കായുള്ള പ്രത്യേക പ്രോഗ്രാമുകൾ എന്നിവ ഉണ്ടായിരിക്കും.
ഷാർജക്ക് പുസ്തകങ്ങളുമായുള്ള പതിറ്റാണ്ടുകൾ നീണ്ട ബന്ധത്തിന്റെ പ്രതിഫലനമാണ് അന്താരാഷ്ട്ര പുസ്തകോത്സവമെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർപേഴ്‌സൺ ശൈഖ ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ‘കുടുംബങ്ങളുടെയും കുട്ടികളുടെയും യുവാക്കളുടെയും ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി വായനയെ മാറ്റിയത് ഷാർജ പുസ്തകോത്സവമാണ്. കഴിഞ്ഞ 45 വർഷമായി, ഈ പുസ്തകോത്സവം സമൂഹത്തിൽ ആഴത്തിൽ വേരൂന്നാൻ പുസ്തകങ്ങളെ സഹായിച്ചിട്ടുണ്ട്. ഒപ്പം, അറബ് സംസ്‌കാരത്തിന് ലോകവുമായി ഇടപഴകാനുള്ള വിപുലമായ അവസരങ്ങൾ അത് സൃഷ്ടിച്ചതായും ശൈഖ ബുദൂർ കൂട്ടിച്ചേർത്തു.
‘എസ്.ഐ.ബി.എഫിന്‍റെ ഓരോ പതിപ്പും വായനക്കാരോടും എഴുത്തുകാരോടും പ്രസാധകരോടുമുള്ള പുതുക്കിയ ഉത്തരവാദിത്തമാണ് നിർവഹിക്കുന്നത്. വിവിധ സംസ്‌കാരങ്ങൾക്ക് അവരുടെ എഴുത്തും ആശയങ്ങളും സ്വന്തം നിലക്ക് അവതരിപ്പിക്കാൻ ഇത് വേദിയൊരുക്കുന്നു. വായനക്കാർക്ക് അവരുടെ എഴുത്തുകാരിലൂടെയും കലാകാരന്മാരിലൂടെയും ആ സംസ്‌കാരങ്ങളെ കണ്ടെത്താൻ വഴിയൊരുക്കുകയും ചെയ്യുന്നു. ഇതോടൊപ്പം, അറബി സാഹിത്യത്തിന് ലോകവുമായി സംവദിക്കാനും പുതിയ വായനക്കാരിലേക്ക് എത്തിച്ചേരാനുമുള്ള ഇടം ഷാർജ പുസ്തകോത്സവം വിപുലമാക്കുന്നു’ -അവർ ചൂണ്ടിക്കാട്ടി.
പുസ്തകോത്സവത്തിന്റെ 45-ാമത് പതിപ്പിൽ ഒമാൻ ആയിരിക്കും 'ഗസ്റ്റ് ഓഫ് ഓണർ'. ഒമാന്റെ സമ്പന്നമായ പൈതൃകവും സമകാലിക സാംസ്കാരിക, സാഹിത്യ, കലാ രംഗങ്ങളും പ്രദർശിപ്പിക്കുന്ന വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി ഉണ്ടായിരിക്കും. ഈ പങ്കാളിത്തം ഒമാനി എഴുത്തുകാരുടെയും ചിന്തകരുടെയും സർഗ പ്രതിഭകളുടെയും സൃഷ്ടികളെ സന്ദർശകർക്ക് പരിചയപ്പെടുത്തും. ഒമാനിൽ നിന്നുള്ള പ്രമുഖ സാഹിത്യ-ബൗദ്ധിക വ്യക്തിത്വങ്ങളുമായി വായനക്കാർക്ക് നേരിട്ട് സംവദിക്കാൻ അവസരമുണ്ടാകും. ഇത്തവണത്തെ മേളക്ക് സവിശേഷമായ ഗൾഫ്-അറബ് മാനം അത് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.