ഫ്രഞ്ച് മന്ത്രി ഫ്ലോറൻസ് പാർലി
ദുബൈ: ഹൂതി ആക്രമണങ്ങൾ നേരിടുന്നതിന് യു.എ.ഇക്ക് സഹായവുമായി ഫ്രാൻസും രംഗത്ത്. യു.എ.ഇയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ പങ്കാളിയാകുമെന്ന് ഫ്രഞ്ച് സായുധസേനാ മന്ത്രി ഫ്ലോറൻസ് പാർലി ട്വിറ്ററിലൂടെ അറിയിച്ചു.
ജനുവരിയിൽ യു.എ.ഇ ഗുരുതര ആക്രമണത്തിന് ഇരയായെന്നും ഈ സാഹചര്യത്തിൽ തങ്ങളുടെ സുഹൃദ് രാജ്യത്തോട് ഐക്യദാർഡ്യം അറിയിക്കുന്നതിന് സൈനിക സഹായം നൽകുമെന്നുമാണ് ഫ്രഞ്ച് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമായും വ്യോമാതിർത്തിയുടെ സംരക്ഷണത്തിനാണ് ഫ്രാൻസ് സഹായം ലഭ്യമാക്കുക.
ഇതിനായി റാഫാൽ ജെറ്റുകൾ വിന്യസിക്കുമെന്നും ഇമാറാത്തിന്‍റെ സൈനിക വ്യൂഹവുമായി സഹകരിച്ച് അൽ ദഫ്ര വ്യോമതാവളത്തിൽ നിന്ന് നീക്കം നടത്തുമെന്നും അറിയിച്ചു. മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ കണ്ടെത്തുകയും തകർക്കുകയും ചെയ്യാനാണ് ഫ്രാൻസിന്‍റെ സഹായം ഉപകാരപ്പെടുക. ഇ
ക്കഴിഞ്ഞ വ്യാഴാഴ്ചയും ഹൂതികൾ അബൂദബിക്ക് നേരെ ആക്രമണ ശ്രമം നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഹൂതി ആക്രമണം പ്രതിരോധിക്കുന്നതിന് യു.എ.ഇക്ക് സഹായവുമായി അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി യുദ്ധ വിമാനങ്ങളും യുദ്ധക്കപ്പലും നൽകുമെന്നാണ് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിൻ വ്യക്തമാക്കിയത്. അഞ്ചാം തലമുറ യുദ്ധവിമാനവും യു.എസ്.എസ് കോൾ മിസൈൽ പ്രതിരോധ സംവിധാനവും യു.എസ് നൽകിയിട്ടുണ്ട്. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനുമായി ഫോൺ സംഭാഷണം നടത്തിയ ശേഷമാണ് പ്രതിരോധ സെക്രട്ടറി പ്രസ്താവന പുറത്തിറക്കിയത്.
ജനുവരി 17ന് അബൂദബിയിലെ അഡ്നോക് കേന്ദ്രത്തിലും വിമാനത്താവള നിർമാണ മേഖലയിലും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഇതിൽ മൂന്നുപേർ പേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.