അൽ വർഖ 1 സ്ട്രീറ്റിൽ വികസനം പൂർത്തിയായ റോഡ്

ദുബൈയിൽ നാല്​ റൗണ്ട്​എബൗട്ടുകൾ മാറ്റി; അൽ വർഖ റോഡ്​ വികസനം പൂർത്തിയായി

ദുബൈ: ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡിനും റാസൽ ഖോർ റോഡിനും ഇടയിൽ ഇരു ദിശകളിലുമായി ഏകദേശം 7കി.മീറ്റർ ദൈർഘ്യമുള്ള അൽ വർഖ 1 സ്ട്രീറ്റിലൂടെയുള്ള ഗതാഗത വിപുലീകരണം പൂർത്തിയായി. പദ്ധതിയുടെ ഭാഗമായി നാല് റൗണ്ട്എബൗട്ടുകൾ സിഗ്​നൽ സ്ഥാപിച്ച കവലകളാക്കി മാറ്റിയതായും ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) അറിയിച്ചു. ഈ മാറ്റം ഗതാഗതം 30 ശതമാനം വരെ മെച്ചപ്പെടുത്തിയതായി ആർ.ടി.എ പത്രക്കുറിപ്പിൽ വ്യക്​തമാക്കി.

6.6 കി.മീറ്റർ ദൈർഘ്യമുള്ള മഴവെള്ള ഡ്രെയിനേജ് ശൃംഖലയുടെ നിർമ്മാണം, 324 തെരുവ് വിളക്ക് തൂണുകൾ സ്ഥാപിക്കൽ, 111 പാർക്കിങ്​ സ്ഥലങ്ങൾ കൂട്ടിച്ചേർക്കൽ എന്നിവയും വികസന പദ്ധതിയിൽ ഉൾപ്പെടും. കാൽനടയാത്രക്കാരുടെ സുരക്ഷയും സഞ്ചാരവും മെച്ചപ്പെടുത്തുന്നതിനായി ഏകദേശം 41,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കാൽനട പാതകളും നിർമ്മിച്ചിട്ടുണ്ട്​.

2025 ജൂണിൽ പൂർത്തിയാക്കിയ മുൻ നവീകരണത്തിന്‍റെ തുടർച്ചയായാണ്​ പുതിയ പദ്ധതി നടപ്പിലാക്കിയത്. അൽ വർഖയെ ശൈഖ്​ മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ എൻട്രി, എക്സിറ്റ് പോയിന്റുകളാണ്​ നേരത്തെ നിർമിച്ചത്​. അൽ വർഖ 3, അൽ വർഖ 4 എന്നിവിടങ്ങളിൽ റോഡ് പുനർനിർമ്മാണം, കാൽനട പാതകൾ, പാർക്കിങ്​ സൗകര്യങ്ങൾ, സൈക്ലിങ്​ ട്രാക്കുകൾ എന്നിവ ഉൾപ്പെടെയുള്ള കൂടുതൽ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം എന്നിവ നടന്നുവരികയാണെന്ന് ആർ.ടി.എ അറിയിച്ചു.

ദുബൈ മെട്രോ ബ്ലൂ ലൈൻ ഉൾപ്പെടെയുള്ള വരാനിരിക്കുന്ന ഗതാഗത പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും നിർമ്മാണ ഘട്ടങ്ങളിൽ ആസൂത്രണം ചെയ്തിട്ടുള്ള ഗതാഗത വഴിതിരിച്ചുവിടലുകൾ വിശദീകരിക്കുന്നതിനുമായി മിർദിഫ്, അൽ വർഖ എന്നിവിടങ്ങളിലെ താമസക്കാരുമായി ഒക്ടോബറിൽ കൂടിക്കാഴ്ച സെഷൻ നടത്തിയതായി ആർ‌.ടി.‌എ അറിയിച്ചു.

Tags:    
News Summary - Four roundabouts replaced in Dubai; Al Warqa Road development completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.