അത്യാധുനിക സൗകര്യങ്ങളോടെ ‘യാസ് കമ്യൂണിറ്റി പാര്‍ക്ക്’ ഒരുങ്ങുന്നു

അബൂദബി: സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പരസ്പരം ബന്ധിപ്പിക്കാനും സജീവമായ സാമൂഹിക ജീവിതം പ്രോത്സാഹിപ്പിക്കാനുമായി യാസ് ഐലന്‍ഡില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ യാസ് കമ്യൂണിറ്റി പാര്‍ക്ക് നിര്‍മിക്കുന്നു. അബൂദബി ഡിപാർട്​മെന്‍റ്​ ഓഫ് കമ്യൂണിറ്റി ഡെവലപ്മെന്‍റും (ഡി.സി.ഡി) റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ അല്‍ദാര്‍ പ്രോപ്പര്‍ട്ടീസും ചേര്‍ന്നാണ് പദ്ധതി വികസിപ്പിക്കുന്നത്. അബൂദബിയില്‍ ആദ്യമായാണ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഇത്തരം സാമൂഹിക വികസന പദ്ധതിക്കായി സ്വകാര്യ നിക്ഷേപം ലഭ്യമാക്കുന്നത്.

പാര്‍ക്കിന്‍റെ ഹൃദയഭാഗത്തായി 'നബ്ദ് യാസ്' എന്ന പേരില്‍ അത്യാധുനിക കമ്യൂണിറ്റി ഹബ്ബും സ്ഥാപിക്കും. ഡി.സി.ഡിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹബ്ബില്‍ കുടുംബങ്ങള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരെയെല്ലാം ഒരുമിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികള്‍, ലേണിങ് സെഷനുകള്‍, സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ അരങ്ങേറും. യാസ് ഐലന്‍ഡില്‍ വിജയകരമായി നടപ്പാക്കുന്ന ഈ 'നബ്ദ് കമ്യൂണിറ്റി ഹബ്ബ്' മാതൃക ഭാവിയില്‍ അല്‍ദാറിന്‍റെ കീഴില്‍ അബൂദബി, അല്‍ ഐന്‍, അല്‍ ദഫ്‌റ മേഖലകളില്‍ വികസിപ്പിക്കുന്ന മറ്റ് റെസിഡന്‍ഷ്യല്‍ പദ്ധതികളിലേക്കും വ്യാപിപ്പിക്കും.

ഡി.സി.ഡി. ചെയര്‍മാന്‍ ശമീസ് അലി അല്‍ ദാഹിരി, അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക് എന്നിവരുടെ സാന്നിധ്യത്തില്‍ ഡി.സി.ഡി. അണ്ടര്‍ സെക്രട്ടറി എന്‍ജി. ഹമദ് അലി അല്‍ ദാഹിരിയും അല്‍ദാര്‍ പ്രോപ്പര്‍ട്ടീസ് ഗ്രൂപ്പ് സി.ഇ.ഒ. തലാല്‍ അല്‍ ദിയേബിയും കരാര്‍ ഒപ്പുവെച്ചു. സമൂഹത്തില്‍ ഒത്തൊരുമയും സാമൂഹിക സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കാനും ജീവിതനിലവാരം ഉയര്‍ത്താനും പുതിയ കമ്മ്യൂണിറ്റി പാര്‍ക്ക് സഹായിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

യാസ് ഐലന്‍ഡിനെ ലോകോത്തര നഗരമാക്കി മാറ്റാനുള്ള 'യാസ് ഇന്‍ക്ലൂസീവ് സിറ്റി' പദ്ധതിയുടെ പ്രധാന മുന്നേറ്റമായാണ് യാസ് കമ്യൂണിറ്റി പാര്‍ക്ക് വിഭാവനം ചെയ്തിരിക്കുന്നത്. യാസ് ഐലന്‍ഡിലെ പ്രധാന ആകര്‍ഷണങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും മധ്യേ തന്ത്രപ്രധാനമായ സ്ഥലത്താണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. കുട്ടികള്‍ക്കായി പ്രത്യേകം രൂപകൽപന ചെയ്ത കളിസ്ഥലം, മസ്ജിദ്, കുടുംബങ്ങള്‍ക്ക് ഒത്തുചേരാനുള്ള തണലിടങ്ങള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവ പാര്‍ക്കിന്‍റെ ഭാഗമായി ഉണ്ടാകും. 

Tags:    
News Summary - Yas Community Park is getting ready with state-of-the-art facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.