അബൂദബിയില്‍ ഫോബ്സ് മിഡിലീസ്റ്റ് സംഘടിപ്പിച്ച 'ബില്‍ഡിങ് ദ ഫ്യൂച്ചര്‍ സമ്മിറ്റില്‍നിന്ന്

എയര്‍ ടാക്‌സി സര്‍വിസുകള്‍ ഉടന്‍ യാഥാര്‍ഥ്യമാക്കാന്‍ അബൂദബി

അബൂദബി: എമിറേറ്റില്‍ എയര്‍ ടാക്‌സി സര്‍വിസുകള്‍ ഈ വര്‍ഷം അവസാനത്തോടെയോ 2027 ആദ്യത്തോടെയോ ആരംഭിക്കുമെന്ന് അബൂദബി മൊബിലിറ്റി (ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ - ഐ.ടി.സി) അധികൃതര്‍ അറിയിച്ചു. നഗരത്തിലെ മുഴുവന്‍ പൊതുഗതാഗത സംവിധാനങ്ങളെയും കോര്‍ത്തിണക്കി യാത്രകള്‍ ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും പണം നല്‍കാനും സഹായിക്കുന്ന ഏകീകൃത ഡിജിറ്റല്‍ മൊബിലിറ്റി പ്ലാറ്റ്ഫോമും ഉടന്‍ സജ്ജമാകും. ഫോബ്സ് മിഡിലീസ്റ്റ് സംഘടിപ്പിച്ച 'ബില്‍ഡിങ് ദ ഫ്യൂച്ചര്‍ സമ്മിറ്റില്‍' സംസാരിക്കവെ അബൂദബി മൊബിലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല ഹമദ് അല്‍ ഗഫേലിയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വ്യോമ ഗതാഗത രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന എയര്‍ ടാക്‌സി പദ്ധതിയുടെ പ്രാരംഭ ഘട്ടങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും സര്‍വീസ് ആരംഭിക്കാന്‍ ഇനി ചുരുങ്ങിയ നാളുകള്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് എയര്‍ ടാക്‌സി സര്‍വീസ് ആരംഭിക്കുന്ന ലോകത്തിലെ ആദ്യ നഗരങ്ങളിലൊന്നാകാനാണ് അബൂദബി ലക്ഷ്യമിടുന്നത്. ഇതിനായി അമേരിക്കന്‍ കമ്പനിയായ 'ആര്‍ച്ചര്‍ ഏവിയേഷനുമായി' ചേര്‍ന്ന് 'മിഡ്നൈറ്റ്' ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ് ആന്‍ഡ് ലാന്‍ഡിങ് (ഇവോള്‍ട്ട്) വിമാനങ്ങളുടെ പരീക്ഷണ സര്‍വീസുകള്‍ ഇതിനകം വിജയകരമായി നടത്തിയിട്ടുണ്ട്. ഇതിനാവശ്യമായ അനുബന്ധ അടിസ്ഥാന സൗകര്യ വികസനങ്ങളും വേഗത്തില്‍ പുരോഗമിക്കുകയാണ്.

കര, കടല്‍, വ്യോമ ഗതാഗത മാര്‍ഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന അത്യാധുനിക സംവിധാനമാണ് ഒരുങ്ങുന്നത്. നിലവിലുള്ള സര്‍ക്കാര്‍ സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്ഫോമായ 'താമിന്' സമാനമായാണ് പുതിയ ട്രാന്‍സ്‌പോര്‍ട്ട് ആപ്ലിക്കേഷന്‍ തയാറാക്കുന്നത്. യാത്രക്കാര്‍ക്ക് യാത്രാ വിവരങ്ങള്‍, കൃത്യമായ യാത്രാ ഓപ്ഷനുകള്‍, നിരക്കുകള്‍ എന്നിവ ഈ ഒരൊറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഇതിനായി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് ഫെയര്‍ കളക്ഷന്‍ സിസ്റ്റം നിലവില്‍ വന്നിട്ടുണ്ടെന്നും ടിക്കറ്റ് നിരക്കുകള്‍ തടസ്സമില്ലാതെ ഒന്നിച്ച് അടക്കാനുള്ള സൗകര്യം ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗതാഗത ആസൂത്രണത്തിലും പ്രതിദിന സര്‍വീസ് നിയന്ത്രണങ്ങളിലും നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ വിപുലമായി ഉപയോഗിക്കുന്നുണ്ട്. ജനസംഖ്യാ വളര്‍ച്ച, ഭവന പദ്ധതികള്‍, സാമ്പത്തിക തന്ത്രങ്ങള്‍, ടാക്‌സി-ബസ് സര്‍വീസുകള്‍, റോഡ് സെന്‍സറുകള്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്താണ് ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വികസനങ്ങളും ഒരുക്കുന്നത്. ഇതിനായി സജ്ജമാക്കിയ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് കമാന്‍ഡ് പ്ലാറ്റ്ഫോം വഴി ഗതാഗതക്കുരുക്കുകള്‍ മുന്‍കൂട്ടി അറിയാനും അപകടങ്ങളോട് വേഗത്തില്‍ പ്രതികരിക്കാനും സാധിക്കും. വ്യത്യസ്ത ഗതാഗത മാര്‍ഗങ്ങള്‍ക്കിടയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാത്ത രീതിയില്‍ മികച്ച കണക്ടിവിറ്റി ഉറപ്പാക്കുകയാണ് പ്രധാന വെല്ലുവിളിയെന്ന് ഡോ. അല്‍ ഗഫേലി വ്യക്തമാക്കി. 

Tags:    
News Summary - Abu Dhabi to soon make air taxi services a reality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.