ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി
അജ്മാൻ: കഴിഞ്ഞ ആഴ്ചകളിൽ സുഡാനിലെ ശക്തമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി അജ്മാൻ ഭരണാധികാരി. കുടുംബങ്ങളുടെ ദുരിതം പരിഹരിക്കുന്നതിന് അടിയന്തര മാനുഷിക സഹായം വിതരണം ചെയ്യാനും ആവശ്യമായ എല്ലാ വിഭവങ്ങളും ഉപകരണങ്ങളും നൽകാനും സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി ഉത്തരവിട്ടു. അജ്മാൻ ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ ബന്ധപ്പെട്ട അധികാരികൾ, പ്രാദേശിക ചാരിറ്റികൾ, യു.എ.ഇയിലെ പൗരന്മാർ, താമസക്കാർ എന്നിവരുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാകും സഹായം നൽകുക.
ശൈഖ് ഹുമൈദിെൻറ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സുഡാനിലെ ജനങ്ങളെ സഹായിക്കുന്നതിനായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ് ചെയർമാൻ ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി അജ്മാൻ ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി ഓർഗനൈസേഷനുമായി സഹകരിച്ച് ആദ്യ ഘട്ടത്തിൽ 10 ദശലക്ഷം ദിര്‍ഹം ശേഖരിക്കാൻ ലക്ഷ്യമിട്ട് കാമ്പയിൻ ആരംഭിച്ചിരുന്നു.
ജനങ്ങളുടെ ദുരിതങ്ങൾ പരിഹരിക്കുന്നതിന് ദുരിതാശ്വാസ സംഘങ്ങൾ രൂപവത്കരിച്ച് ഏറ്റവും കൂടുതൽ ബാധിത പ്രദേശങ്ങളിൽ നിരവധി പദ്ധതികൾ വേഗത്തിൽ നടപ്പാക്കാൻ അജ്മാൻ ഭരണാധികാരി ഉത്തരവിട്ടു. സുഡാനിലെ ജനങ്ങൾക്ക് എല്ലാ പിന്തുണയും നൽകാനുള്ള അജ്മാൻ സർക്കാറിെൻറ തീരുമാനം ശൈഖ് റാഷിദ് ഊന്നിപ്പറഞ്ഞു.
ലോകത്തിലെ എല്ലാ ജനങ്ങൾക്കും മാനുഷിക സേവനങ്ങൾ നൽകുന്നതിൽ യു.എ.ഇ ഒന്നാം സ്ഥാനത്താണെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എപ്പോഴും സജീവമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരവധി അറബ് രാജ്യങ്ങളിൽ അജ്മാൻ ഇൻറർനാഷനൽ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ നിരാലംബരെ സഹായിക്കാനായി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.