പ്രളയബാധിത പ്രദേശത്ത് സേവനനിരതരായ ‘പ്രവാസി ഇന്ത്യ’വളന്റിയർമാർ
ദുബൈ: കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കം ബാധിച്ച രാജ്യത്തെ മുഴുവൻ മേഖലകളും സാധാരണ നില കൈവരിച്ചതായി ആഭ്യന്തര മന്ത്രാലയം. മഴ ബാധിച്ച രാജ്യത്തെ എല്ലാ റോഡുകളിലും ഗതാഗതം പുനഃസ്ഥാപിച്ചതായും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ ബ്രിഗേഡിയർ ജനറൽ ഡോ. അലി സാലിം അൽ തുനൈജി വ്യക്തമാക്കി.
സ്ഥിരത കൈവരിക്കുന്നതിന് സിവിലിയൻ സന്നദ്ധപ്രവർത്തകർക്കൊപ്പം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഏകോപനത്തോടെ പ്രവർത്തിച്ചെന്നും ഈ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാപ്രവർത്തനത്തിൽ വലിയ മുൻഗണന നൽകിയത് ജീവൻ രക്ഷിക്കുന്നതിനായിരുന്നു. അപകട സാഹചര്യങ്ങളിൽ കഴിയുന്നവരെ മാറ്റിത്താമസിപ്പിക്കുന്നതിനും റോഡ് ഗതാഗതം പുനഃസ്ഥാപിക്കുന്നതിനും ശ്രദ്ധിച്ചു.
98 ശതമാനം റോഡുകളും നിലവിൽ പ്രവർത്തനസജ്ജമാണ്. ജൂലൈ 27 മുതൽ ഇതിനകം ദുരിതബാധിതരുടെ 30,318 കേസുകൾ സർക്കാർ സുരക്ഷാവിഭാഗങ്ങൾ കൈകാര്യം ചെയ്തു. ആകെ 4816 ഉദ്യോഗസ്ഥരും 1198 വാഹനങ്ങളും രക്ഷാപ്രവർത്തനത്തിലും ഒഴിപ്പിക്കലിലും പങ്കെടുത്തു. എല്ലാ ടീമുകളും കാര്യങ്ങൾ സാധാരണ നിലയിലാക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയായിരുന്നു -അൽ തുനൈജി വിശദീകരിച്ചു.
ഫുജൈറ: വെള്ളപ്പൊക്കത്തിലെ നഷ്ടം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി, വീടുകൾക്കും വാഹനങ്ങൾക്കും സ്വത്തുക്കൾക്കുമുണ്ടായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഫുജൈറ സർക്കാർ താമസക്കാരോട് ആവശ്യപ്പെട്ടു. ഫുജൈറ പൊലീസിന്റെ വെബ്സൈറ്റിലാണ് നഷ്ടം റിപ്പോർട്ട് ചെയ്യാൻ അറബി, ഇംഗ്ലീഷ് വിൻഡോകൾ തുറന്നത് (ലിങ്ക്: https://eservice.fujairahpolice.gov.ae/floods/ReportFloodEffected.aspx).
കണക്കെടുപ്പിനുശേഷം നഷ്ടപരിഹാര പദ്ധതി നടപ്പാക്കുമോയെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. നഷ്ടം പൂർണമായും രേഖപ്പെടുത്തുന്ന ഒരുക്കങ്ങളുടെ മുന്നോടിയായി ഫുജൈറ അടിയന്തര കമ്മിറ്റി ശനിയാഴ്ച വൈകീട്ട് ആദ്യയോഗം ചേർന്നു.
ഫുജൈറ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് സൈഫ് അൽ അഫ്ഖാമിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി പ്രവർത്തിക്കുക. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റാസൽഖൈമയിൽ നഷ്ടം വിലയിരുത്തുന്നതിന് ശനിയാഴ്ച ദുരന്തബാധിത മേഖലയിൽ പ്രത്യേകസംഘം സന്ദർശനം നടത്തി.
എമിറേറ്റിലെ അസാൻ, ദഫ്ത-മസാഫി റോഡ്, അൽഗെയ്ൽ റോഡ്, വാദി അൽഐം, വാദി അൽ ഐസ്, വാദി ഷൗക്ക തുടങ്ങി നിരവധി റോഡുകളിലും പ്രദേശങ്ങളിലുമുണ്ടായ നഷ്ടം സംഘം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.