ഷാർജ: മനസ്സിലെ അവസാന തിരിയും കത്തിക്കഴിഞ്ഞാൽ ജീവിതം കൂരിരുട്ടിലാകുമല്ലോയെന്ന ഭീതിയാണ് വെറുംകൈയോടെയാണെങ്കിലും നാട്ടിലേക്ക് തിരിച്ചു പോവുകയെന്ന നിശ്ചയത്തിലേക്ക് പ്രവാസികളെ നയിച്ചത്. മാസങ്ങളായി ശമ്പളം മുടങ്ങിയവർ മുതൽ തൊഴിലുടമകൾ പെരുവഴിയിലാക്കിയവർ വരെ നാട്ടിലേക്കുള്ള അപേക്ഷ പൂരിപ്പിച്ച് കാത്തിരിക്കുന്നവരുടെ കൂട്ടത്തിലുണ്ട്. സൗജന്യ യാത്ര തരപ്പെടില്ലെങ്കിലും വിമാന സർവിസുകൾ നിർത്തിവെക്കുന്ന സമയത്തുണ്ടായിരുന്ന കുറഞ്ഞ നിരക്കെങ്കിലും പുനഃസ്ഥാപിച്ച് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും എന്നാൽ, 15,000 രൂപ ഈ ഘട്ടത്തിൽ കണ്ടെത്തുകയെന്നത് ശ്രമകരമാണെന്നും ജോലി നഷ്ടപ്പെട്ട് മാസങ്ങളായി റൂമിലിരിക്കുന്ന കണ്ണൂർ സ്വദേശി ലിയാഖത്ത് സങ്കടപ്പെടുന്നു.
ഇനിയൊരു പ്രവാസ ജീവിതം തരപ്പെടുമെന്ന കാര്യത്തിൽ തെല്ലും പ്രതീക്ഷ ഇല്ലാത്തവർ മുതൽ പ്രവാസത്തിെൻറ കനൽവഴികളിലേക്ക് കഴിഞ്ഞ മാസങ്ങളിൽ വന്നിറങ്ങിയവർവരെ നാട്ടിലേക്കുള്ള വഴിയിൽ കണ്ണുംനട്ടിരിപ്പാണ്. പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈവശമില്ലാത്ത നിരവധി സഹോദരീ സഹോദരങ്ങളും കണ്ണീർക്കയത്തിലുണ്ട്. എവിടെ നിന്നെങ്കിലും ഒരുകൈ തങ്ങൾക്കുനേരെ ആശ്വാസവുമായി നീണ്ടുവന്നെങ്കിൽ എന്ന പ്രാർഥനയിലാണിവർ. രേഖകളുടെ പിന്തുണയില്ലാത്തതുകാരണം ഇവരുടെ യാത്ര അനിശ്ചിതമായി നീണ്ടേക്കാം. പൊതുമാപ്പ് പോലുള്ള ആനുകൂല്യങ്ങൾ കാത്തിരിക്കുകയാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.