ദുബൈ: നവംബര്‍ മൂന്ന് നാം പതാകദിനമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ രാജ്യത്ത് തുടങ്ങി. വ്യാഴാഴ്ച രാവിലെ മന്ത്രാലയങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം യു.എ.ഇ പതാക ഉയര്‍ത്താന്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ആഹ്വാനം ചെയ്തു. യു.എ.ഇ പതാക നമ്മുടെ നെഞ്ചില്‍ മിടിക്കുന്ന ഹൃദയമാണെന്നും ആത്മാവും രക്തവും മക്കളും പതാകക്ക് ബലി നല്‍കാന്‍ നാം തയാറാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തിന്‍െറ പതാക നമ്മുടെ അഭിമാനത്തിന്‍െറയും യശസ്സിന്‍െറയും സൂചകമാണ്, നമ്മുടെ ഐക്യത്തിന്‍െറയും ത്യാഗത്തിന്‍െറയും പ്രതീകമാണ്. നമ്മുടെ പതാക വീടുകളിലും കൃഷിത്തോട്ടങ്ങളിലും രാജ്യത്തിന്‍െറ എല്ലാ കോണുകളിലും കാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2013ലാണ് പതാകദിനം ദേശീയ വാര്‍ഷിക പരിപാടിയായി നടപ്പാക്കിയത്. നവംബര്‍ മൂന്നിന് യു.എ.ഇ പ്രസിഡന്‍റായി ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തെരഞ്ഞെടുക്കപ്പെട്ടതിന്‍െറ ആഘോഷമായാണ് പതാകദിനം കൊണ്ടാടുന്നത്. സ്വതന്ത്ര രാജ്യത്തിന്‍െറയും അതിന്‍െറ പരമാധികാരത്തിന്‍െറയും പ്രതീകമായി 1971 ഡിസംബര്‍ രണ്ടിനാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ പതാകക്ക് രൂപം നല്‍കിയത്. പതാകദിനവും ദേശീയദിനവും ആഘോഷിക്കാന്‍ അബൂദബി നഗരസഭ വന്‍തോതിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. തലസ്ഥാന നഗരിയിലും സമീപ പ്രദേശങ്ങളിലും ആയിരക്കണക്കിന് പതാകകളും അലങ്കാര വിളക്കുകളും സജ്ജമാക്കിയിട്ടുണ്ട്. 30,000 പതാകള്‍, ജ്യാമിതീയ രൂപത്തിലുള്ള 7500 അലങ്കാരങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചതായി നഗരസഭ അറിയിച്ചു. 2,300 അലങ്കാര വിളക്കുകളും ഒരുക്കിയിട്ടുണ്ട്.
അല്‍ ഷഹാമ, അല്‍ സംഹ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, ഖലീം സിറ്റി, ശാഖ്ബൂത് സിറ്റി, ബനിയാസ്, അല്‍ മഫ്റഖ് തുടങ്ങിയ സ്ഥലങ്ങളിലായി 14 റൗണ്ടെബൗട്ടുകളിലും ഏഴ് പാലങ്ങളുമുള്‍പ്പടൊണ് അലങ്കരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.