ഓർമകളിലെ ഫസ്​റ്റ്​ ​ട്രിപ്പും മെയിൻ​ ട്രിപ്പും

നാട്ടിലെയും പ്രവാസലോകത്തെയും റമദാൻ അടുക്കളകൾ തമ്മിൽ വലിയ വ്യത്യാസമുണ്ട്​. അംഗ സംഖ്യ കൂടുതലായതിനാൽ നാട്ടിലെ അടുക്കളകൾ ഉച്ചക്കുമുമ്പ്​ ഉണരും. എന്നാൽ, പ്രവാസി അടുക്കളകൾ സജീവമാകുന്നത്​ ഉച്ചക്കുശേഷമാണ്​.

ഭർത്താവും ഞാനും രണ്ടു പെൺമക്കളും അടങ്ങുന്നതാണ് പ്രവാസലോകത്തെ കുടുംബം. റമദാൻ മാസത്തിൽ ഇടയത്താഴത്തിന്​ അതിരാവിലെ അടുക്കള ഉണരും. അത്താഴ വിഭവങ്ങൾ തയാറാക്കി എല്ലാരും ഒരുമിച്ചിരുന്നു കഴിക്കും. സുബ്ഹി നമസ്കാരം കഴിഞ്ഞ് ഉച്ചവരെ അടുക്കളക്ക് ശാന്തതയാണ്. വാതിൽ അടഞ്ഞുകിടക്കും. ഇതാണ് എനിക്ക് ഖുർആൻ പാരായണ സമയം. കുട്ടികൾ അവരുടെ ഓൺലൈൻ ക്ലാസിലും ഭർത്താവ്​ ജോലിയിലും ശ്രദ്ധിക്കുന്ന സമയം.

ഉച്ച കഴിയുമ്പോഴാണ് നോമ്പുതുറക്ക്​ ഒരുക്കം തുടങ്ങുന്നത്. ഈത്തപ്പഴം കഴിച്ചു നോമ്പ് തുറന്നാൽ പിന്നെ രണ്ടുതരം പാനീയങ്ങൾ നിർബന്ധമാണ്, നാരങ്ങയിൽ നന്നാറി സർവത്ത് ഇട്ട്​ അടിച്ചതും തണ്ണിമത്തനും. റൂഹഫ്‌സ കുട്ടികൾക്ക് ഇഷ്​ടമാണ്. അതുകൊണ്ട് ഇടയ്ക്ക്​ അതും ഉണ്ടാക്കും. അതിനു ശേഷം ഫ്രൂട്ട് സാലഡ്, കുറച്ചു ഐസ്ക്രീം ഒരു പേരിനു മുകളിൽ ഇടും. ആപ്പിൾ, മുന്തിരി, മാങ്ങാ, ആപ്രിക്കോട്ട്, ബദാം ഇതെല്ലാം ചെറുതായി അരിഞ്ഞു കുറച്ചു തേൻ ഒഴിച്ചു മിക്സ്‌ ചെയ്യുന്നതാണ് ഞങ്ങളുടെ ഫ്രൂട്ട് സാലഡ്.

ഈ കൊറോണക്കാലത്തു വിറ്റമിനുകളും മിനറലുകളും അടങ്ങിയ ഫ്രൂട്​സ്​ കഴിക്കുന്നതു വളരെ നല്ലതുമാണ്. പാനീയങ്ങളും ഫ്രൂട്ട് സാലഡും ഉണ്ടാക്കാൻ ഇക്കയും സഹായിക്കും. ഇതിനെ ഫസ്​റ്റ്​ ട്രിപ് എന്നാണ് പറയുന്നത്. റവയും പാലും ചേർന്ന തരി കാച്ചിയത് ഫസ്​റ്റ്​ ട്രിപ്പിൽ വരുന്ന ഐറ്റം ആണ്. അത് വല്ലപ്പോഴും മാത്രം ഉണ്ടാക്കാറുള്ളൂ.

ലോക്​ഡൗണായതിനാൽ കഴിഞ്ഞ വർഷം നോമ്പിനു ഞങ്ങൾ നാട്ടിലായിരുന്നു. ഇത്തവണ നോമ്പിനു ഞങ്ങൾ അവിടെയില്ലാത്ത ദുഃഖത്തിലാണ് അവരെല്ലാം. നാട്ടിൽ അംഗങ്ങൾ അധികം ഉള്ളതുകൊണ്ട് നോമ്പുതുറക്കുള്ള വിഭവങ്ങൾ നേരത്തേ ഉണ്ടാക്കി തുടങ്ങണം. എങ്കിലും അതിനിടയിലും ഖുർആൻ പാരായണത്തിന്​ സമയം കണ്ടെത്തും. ഇഫ്താറിന് സമയമാകുമ്പോൾ മേശക്കു ചുറ്റിലും മുതിർന്നവരും കുട്ടികളും ബാങ്ക് വിളിക്കായി കാതോർത്ത്​ ഇരിക്കുന്നത് ഒരു ബർക്കത്ത് ആണ്.

ഫസ്​റ്റ്​ ട്രിപ്പിന് ശേഷം എല്ലാവരും നമസ്കാരം, ഖുർആൻ ഓതൽ, പ്രാർഥനകൾ എന്നിവക്ക്​ പോകും. ഇത്തവണ കുട്ടികളും കഴിയുന്നത്ര നോമ്പ്​ എടുക്കാനുള്ള ആവേശത്തിലാണ്. അവർക്കിഷ്​ടമുള്ളതാണ് സെക്കൻഡ്​​ ട്രിപ്. അതിലാണ് നമ്മുടെ കരിപൊരികൾ വരുന്നത്. സമൂസ നോമ്പി​െൻറ അവിഭാജ്യഘടകം പോലെയാണ്. പലതരം കരിപൊരികൾ വെക്കാറുണ്ട്. കട്​ലറ്റ്, റോൾ, ഉള്ളിബജി, പഴംപൊരി എന്നിവയിൽ ഒന്നായിരിക്കും സമൂസക്ക് കൂട്ട്. അതി​െൻറ കൂടെ ചൂടൻ ചായയും. ഇടക്ക്​ എ​െൻറ കൂട്ടുകാരി ഉണ്ടാക്കിയ കരിപൊരികൾ ഇങ്ങോട്ടും ഇവിടെനിന്നു അങ്ങോട്ടും കൊടുക്കാറുമുണ്ട്.

മെയിൻ ട്രിപ്പിൽ അരി ഭക്ഷണമാണ് വരുന്നത്. ഇടക്ക്​ പത്തിരി, ബീഫ്‌ കറി ആയിരിക്കും. അല്ലെങ്കിൽ ചോറും മീൻ കറിയും. ഇങ്ങനെ പോകുന്നു ഞങ്ങളുടെ അടുക്കള വിശേഷങ്ങൾ. നോമ്പ് ആയിട്ടു ജീരകക്കഞ്ഞി ഉണ്ടാക്കുന്ന പതിവുണ്ട്. നാട്ടിൽ അത് പ്രധാന വിഭവമാണ്.

നമുക്ക് വേണ്ടപ്പെട്ടവരെ ഇഫ്താറിന് ക്ഷണിക്കാൻ കഴിയില്ലായിരിക്കാം. എങ്കിലും നമ്മുടെ പ്രാർഥനകളിൽ എല്ലാരെരേ ഉൾപ്പെടുത്തി കൊറോണയിൽനിന്ന്​ നമുക്ക് മോചനം ലഭിക്കാനും പണ്ടത്തെപ്പോലെ സാമൂഹിക അകലം ഇല്ലാത്ത അവസ്ഥയിലേക്ക് വരാനും കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.

Tags:    
News Summary - First trip and main trip on memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.