അബൂദബി: യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോൺ സംഭാഷണം നടത്തി. അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെയുണ്ടായ ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും മേഖലയിലെ പൊതുവായ സാഹചര്യങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു.
മേഖലയിലെ ശത്രുത പൂർണമായും ഉടനടി അവസാനിപ്പിക്കുന്നതിനും, രാജ്യങ്ങളുടെ പരമാധികാരത്തെയും അയൽപക്ക ബന്ധങ്ങളെയും ബഹുമാനിക്കുന്നതിനും ഈ കരാറിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ശൈഖ് അബ്ദുല്ല ബിൻ സായിദ് ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്‍റെയും ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതം തടസ്സമില്ലാതെ ഉറപ്പാക്കേണ്ടതിന്‍റെയും ആവശ്യകത അദ്ദേഹം വ്യക്തമാക്കി. നിലവിൽ നടക്കുന്ന ചർച്ചകൾ നല്ല ഫലങ്ങൾ നൽകുമെന്നും അത് മേഖലയിൽ ശാശ്വതമായ സുരക്ഷിതത്വത്തിലേക്കും സുസ്ഥിരതയിലേക്കും നയിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ എല്ലാ പ്രതിസന്ധികളും പരിഹരിക്കുന്നതിനും ജനങ്ങളുടെ അഭിവൃദ്ധിയും വികസനവും ഉറപ്പാക്കുന്നതിനും ഏറ്റവും മികച്ച മാർഗം ഗൗരവമേറിയ നയതന്ത്ര ചർച്ചകളും ഉത്തരവാദിത്തമുള്ള സംവാദങ്ങളുമാണെന്നും ശൈഖ് അബ്ദുല്ല ബിൻ സായിദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.