ഷാർജയിൽ ഈത്തപ്പഴ വിളവെടുപ്പ് ഉത്സവ മേളം

ഷാർജ:  വെയിലി​​െൻറ രുചിയാണ് പനകളിൽ പഴുത്ത് തുടുത്ത് നിൽക്കുന്ന ഈത്തപ്പഴങ്ങൾക്ക്​. മറ്റേത് ഋതുവന്ന് തൊട്ടാലും കായ്​കളിൽ മധുരം കിനിയില്ല. മരുഭൂമിയിൽ വെയിൽ തിളക്കാൻ തുടങ്ങിയതോടെ ഈത്തപ്പനകളിൽ വിളവെടുപ്പ് തുടങ്ങി. ഷാർജ ജുബൈൽ മാർക്കറ്റ് ഈത്തപ്പഴ വിളവെടുപ്പ് ഉത്സവത്തി​​െൻറ തിരക്കിലാണിപ്പോൾ. മഞ്ഞയും ചുവപ്പും കലർന്ന വെയിലി​​െൻറ തിരുമധുരം ആവോളം എത്തിയിട്ടുണ്ട് ജുബൈലിൽ. ഖലാസ്​, ബർഗി, ഖനീജി, ബൂമൻ, ശീഷി, നിമിഷി, ലുലു, സുക്കരി, നഗാൽ, ദഹാൻ, മുദ്ദിയ, ഫലായി, ഹിലാലി, കസബ്, ജബ്രി തുടങ്ങിയ ഇനങ്ങളാണ് ഉത്സവത്തിൽ മധുരമേളം തീർക്കുന്നത്. ഷാർജയുടെ കച്ചവട മേഖലയിലെ സാംസ്​കാരിക ഉത്സവം കൂടിയാണ് വിളവെടുപ്പ് മേള. വർഷങ്ങളുടെ പഴക്കമുണ്ട് ഈ ഉത്സവത്തിന്. മഹാനഗരങ്ങൾ പിറക്കുന്നതിന് മുമ്പ് നാട്ട് ചന്തയായിരുന്ന റോളയിലെ അരയാൽ തണലുകളിലായിരുന്നു ഉത്സവം നടന്നിരുന്നത്. ഒമാനിൽ നിന്നും അൽ ഐനിൽ നിന്നും ഒട്ടക പുറത്തും ജലമാർഗവുമായിരുന്നു ഈത്തപ്പഴം എത്തിയിരുന്നത്. കാലം മാറുന്നതിനനുസരിച്ച് ഉത്സവത്തി​​െൻറ രീതിയും മാറി വന്നെങ്കിലും അതി​​െൻറ താളത്തിനിന്നും പഴമയുടെ നാദമാണ്. 
ജുബൈൽ പൊതുമാർക്കറ്റ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന് മുമ്പ് ഈത്തപ്പഴത്തി​​െൻറ തടിയും ഓലയും കൊണ്ട് തീർത്തിരുന്ന കൂടാരങ്ങളിലാണ് ഉത്സവം നടന്നിരുന്നത്. എന്നാൽ പുതിയ മാർക്കറ്റ് വന്നതോടെ, നടുത്തളത്തിലാണ് ഇപ്പോൾ മേള നടക്കുന്നത്. 
ശീതികരിച്ച മാർക്കറ്റ് ആയത് കൊണ്ട് വെയിലൊന്നും കൊള്ളാതെ, വെയിലേറ്റ് പഴുത്ത് തുടുത്ത പഴങ്ങൾ വാങ്ങാൻ സാധിക്കും. ഓഗസ്​റ്റ് 15 വരെ ഉത്സവം തുടരും. ഒമാനിൽ നിന്ന് നഗാൽ പഴങ്ങൾ വരുന്നതോടെയാണ് ഉത്സവം കൊടിയേറുന്നത്. 
പിന്നിട് ഇതേ വർഗത്തിൽപ്പെട്ട പഴങ്ങളും മറ്റിനങ്ങളും അൽഐനിൽ നിന്ന് വരാൻ തുടങ്ങുന്നതോടെ മധുര പെരുക്കം കൂടും. ഹിലാലി, കസബ്, ജബ്രി എന്നിവയാണ് അവസാനമായി ഉത്സവത്തിൽ എത്തുന്ന പഴങ്ങൾ. 
ഇവ വരാൻ തുടങ്ങിയാൽ മറ്റിനങ്ങളുടെ വിളവെടുപ്പ് കഴിഞ്ഞുവെന്നാണ് സാരം. മധുരത്തി​​െൻറ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഖലാസ്​ തന്നെയാണ് വിലയിലും മുൻപന്തിയിൽ. ഒരു കിലോ ഖലാസിന് 30 ദിർഹമാണ് വില. മറ്റിനങ്ങൾക്ക് 25, 20 ദിർഹമാണ് വില. ഇതിൽ ചുവന്ന നിറത്തിലുള്ള പഴമാണ് ഖനീജി. മധുരത്തി​​െൻറ കാര്യത്തിൽ പലതിനും  മാറ്റമുണ്ട്.   കാസർകോട് ജില്ലയിലെ പള്ളിക്കര, ബേക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഉത്സവത്തി​​െൻറ നടത്തിപ്പുക്കാർ. ഇവിടേക്ക് പഴങ്ങളുമായി വരുന്നവരിൽ മുൻനിരയിലുള്ളത് പാലക്കാട് ജില്ലയിലെ വല്ലപ്പുഴക്കാരാണ്. ജുബൈൽ മാർക്കറ്റിലെ ഈത്തപ്പഴ വിപണി കാസർകോട്ടുകാരുടെതാണെങ്കിൽ, അൽഐൻ മാർക്കറ്റിലേത് വല്ലപ്പുഴക്കാരുടേതാണ്. 
ജുബൈൽ ചന്തയിലെ കച്ചവടക്കാരിൽ പ്രധാനിയാണ് ഇബ്രാഹിം എന്ന ഇമ്പായിച്ച. പഴങ്ങളുമായി മാർക്കറ്റിൽ എത്തുന്നവരിൽ പ്രധാനി വല്ലപ്പുഴക്കാരൻ ഷമീറാണ്.

Tags:    
News Summary - Festival of dates harvesting in Sharjah-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.