പ്രതീകാത്മക ചിത്രം
ദുബൈ: യു.എ.ഇ.യിലെ കഫേകൾ, റെസ്റ്ററന്‍റുകൾ, ഹോട്ടലുകൾ, മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പകർപ്പവകാശം (കോപ്പിറൈറ്റ്) ഉള്ള സംഗീതം പ്ലേ ചെയ്യുന്നതിന് ഡിസംബർ മുതൽ വാർഷിക റോയൽറ്റി ഫീസ് നൽകേണ്ടിവരും. ഫിറ്റ്‌നസ് സെന്‍ററുകൾ, എയർലൈനുകൾ, റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, ഗാനമേളകൾ, മറ്റ് ഇവന്‍റുകൾ തുടങ്ങി വാണിജ്യപരമായി സംഗീതം ഉപയോഗിക്കുന്നയിടങ്ങളൊക്കെ ഫീസ് നൽകേണ്ടിവരും. ഡിസംബർ ഒന്നുമുതൽ റോയൽറ്റി ഫീസ് ഏർപ്പെടുത്താൻ സാമ്പത്തിക-ടൂറിസം മന്ത്രാലയമാണ് തീരുമാനിച്ചത്. പകർപ്പവകാശ സംരക്ഷണത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ ‘കലക്ടീവ് മാനേജ്മെന്റ് ഇൻ മ്യൂസിക് ഗൈഡ്’ അനുസരിച്ചാണ് നടപടി.
നിരക്കുകൾ സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച്
പെർമിറ്റുകൾക്കുള്ള തുക എത്രയെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വ്യാവസായിക സ്ഥാപനങ്ങൾക്കുള്ള ലൈസൻസുകൾ ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. ഇത് പിന്നീട് പുതുക്കാവുന്നതാണ്. വാണിജ്യ സ്ഥാപനങ്ങളുടെ സ്വഭാവവും വലുപ്പവും സംഗീതം ഉപയോഗിക്കുന്ന രീതിയും അനുസരിച്ചായിരിക്കും ഫീസ് നിരക്കുകൾ തീരുമാനിക്കുകയെന്ന് സാമ്പത്തിക-ടൂറിസം മന്ത്രാലയം അറിയിച്ചു. തത്സമയ സംഗീത പരിപാടികൾക്കും ഡി.ജെ പ്രകടനങ്ങൾക്കും ഉയർന്ന ഫീസ് നൽകേണ്ടി വരും.
സംഗീതസംവിധായകർ, ഗായകർ, ഗാനരചയിതാക്കൾ, നിർമാതാക്കൾ എന്നിവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മന്ത്രാലയം അംഗീകരിച്ച ‘എമിറേറ്റ്സ് മ്യൂസിക് റൈറ്റ്സ് അസോസിയേഷൻ’, ‘മ്യൂസിക് നേഷൻ’ എന്നീ രണ്ട് സ്ഥാപനങ്ങളാണ് ഈ ഫീസ് പിരിച്ചെടുക്കുന്നത്. പകർപ്പവകാശ ലംഘനങ്ങൾ തടയുന്നതിനും ഈ മേഖലയിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ‘യു.എ.ഇ വിഷൻ 2031’ന്‍റെ ഭാഗമായി പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
ഇളവുകൾ ആർക്കൊക്കെ?
അതേസമയം, സാധാരണക്കാർക്കും പൊതുസ്ഥാപനങ്ങൾക്കും ആശ്വാസമേകുന്ന ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ-അക്കാദമിക് സ്ഥാപനങ്ങൾ, സർക്കാർ ഓഫിസുകൾ, ദേശീയ ആഘോഷ പരിപാടികൾ, വ്യക്തിഗതവും വാണിജ്യേതരവുമായ സ്വകാര്യ ചടങ്ങുകൾ എന്നിവയെ ഈ ലൈസൻസ് ഫീസിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ മേഖലകൾക്ക് ഇളവുകൾ നൽകാൻ മന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.
പിരിച്ചെടുക്കുന്ന ആകെ തുകയുടെ 10 ശതമാനം ഉപയോഗിച്ച് കലാകാരന്മാരെ പിന്തുണക്കുന്നതിനായി പ്രത്യേക സാംസ്കാരിക ഫണ്ട് രൂപീകരിക്കും. തുടക്കക്കാരായ കലാകാരന്മാർ, യുവാക്കൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ എന്നിവർക്ക് സാമ്പത്തിക-സാങ്കേതിക സഹായം നൽകാനും എമിറാത്തി സംഗീതത്തെ അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാനും ഈ ഫണ്ട് ഉപയോഗിക്കും. സാമ്പത്തിക-ടൂറിസം മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി രൂപീകരിക്കുന്ന കമ്മിറ്റിക്കായിരിക്കും ഇതിന്‍റെ മേൽനോട്ടം.
പുതിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ നേരിട്ടുള്ള പരിശോധനകളും സാമ്പത്തിക രേഖകളുടെ ഓഡിറ്റിങ്ങും നടത്തും. കലാകാരന്മാരുടെയോ സ്ഥാപനങ്ങളുടെയോ പരാതികൾ സൗഹൃദപരമായി പരിഹരിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പൊതുതാൽപര്യം മുൻനിർത്തി ലൈസൻസ് നിബന്ധനകളിൽ മാറ്റം വരുത്താൻ മന്ത്രാലയത്തിന് അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.