ദുബൈ: മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിധം മൊബൈൽ ഫോണുകളിലെത്തിയ മുന്നറിയിപ്പ് യു.എ.ഇ നിവാസികളെ ആശങ്കയിലാക്കി. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുബൈയിലും അബൂദബിയിലും മൊബൈൽ ഫോണുകളിൽ ജാഗ്രതാ നിർദേശമെത്തിയത്. എന്നാൽ, ഇത് സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് ദേശീയ സുരക്ഷാ സുപ്രീംകൗൺസിൽ പിന്നീട് വ്യക്തമാക്കി. രാജ്യനിവാസികളോട് അധികൃതർ ക്ഷമാപണവും നടത്തി.
വെള്ളിയാഴ്ച വൈകുന്നേരം 5.17-ഓടെ താമസക്കാർക്ക് ലഭിച്ച ആദ്യ അടിയന്തര സന്ദേശത്തിൽ, ‘മിസൈൽ ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ട്’ എന്ന മുന്നറിയിപ്പോടെ 'സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ' ആവശ്യപ്പെട്ടിരുന്നു. സംഘർഷ കാലത്തിന് സമാനമായ മുന്നറിയിപ്പാണ് മൊബൈൽ ഫോണുകളിലെത്തിയത്. യുദ്ധം അവസാനിച്ചതിന്‍റെ ആശ്വാസത്തിലായിരുന്ന ജനങ്ങളെ ഇത് ആങ്കയിലാഴ്ത്തി. മുന്നറിയിപ്പിന് തൊട്ടുപിന്നാലെ കാര്യങ്ങൾ സുരക്ഷിതമാണെന്നും, സഹകരണത്തിന് നന്ദിയുണ്ടെന്നും അറിയിക്കുന്ന സന്ദേശം വന്നു.
എന്നാൽ, പതിവില്ലാത്ത വിധം നേരത്തേ ലഭിച്ച ജാഗ്രതാ നിർദേശം പരിഗണിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്‍റെ അറിയിപ്പ് വന്നു. ‘നിങ്ങൾക്ക് ലഭിച്ച മുൻപത്തെ മുന്നറിയിപ്പ് സന്ദേശം അവഗണിക്കുക’ എന്ന് ആഭ്യന്തര മന്ത്രാലയം താമസക്കാരോട് വ്യക്തമാക്കുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പലരും സംശയിച്ചു നിൽക്കുന്നതിനിടെ ദേശീയ സുരക്ഷാ സുപ്രീം കൗൺസിലിന്‍റെ വിശദീകരണം പുറത്തുവന്നു.
മൊബൈലിൽ ലഭിച്ച സന്ദേശങ്ങൾ സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷ സുപ്രീംകൗൺസിലും ദേശീയ ദുരന്തനിവാരണ സമിതിയും പ്രസ്താവന പുറത്തിറക്കി. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമചോദിക്കുന്നതായും അധികൃതർ പറഞ്ഞു. അതോറിറ്റികൾ വഴി ഈ പ്രശ്നം ഉടൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഔദ്യോഗിക ചാനലുകൾ വഴി വരാത്ത വിവരങ്ങൾ പൊതുജനങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അബൂദബി: ദേശീയ മുൻകൂർ മുന്നറിയിപ്പ് സംവിധാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാർ പരിഹരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ തകരാർ കാരണം പൊതുജനങ്ങൾക്ക് തെറ്റായ മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രശ്നം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബന്ധപ്പെട്ട വിദഗ്ധ സംഘങ്ങൾ ആവശ്യമായ തിരുത്തൽ നടപടികൾ ആരംഭിച്ചതായി എൻ.സി.ഇ.എം.എ വ്യക്തമാക്കി. സേവനം തടസ്സമില്ലാതെ തുടരുന്നതിനും ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറക്കുന്നതിനുമായി അംഗീകൃത പദ്ധതികൾക്ക് അനുസൃതമായാണ് ഈ നടപടികൾ സ്വീകരിച്ചത്.
യാദൃശ്ചികമായി സംഭവിച്ച ഈ സാങ്കേതിക തകരാറിൽ എൻ.സി.ഇ.എം.എയും ബന്ധപ്പെട്ട മറ്റ് അധികൃതരും ഖേദം പ്രകടിപ്പിച്ചു. ഒപ്പം, ഈ അടിയന്തര സാഹചര്യത്തിൽ കാട്ടിയ ക്ഷമക്കും സഹകരണത്തിനും പൊതുജനങ്ങളോട് അവർ നന്ദിയും രേഖപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കാനും കൃത്യമായ വിവരങ്ങൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം സ്വീകരിക്കാനും പൊതുജനങ്ങൾ കാണിച്ച പ്രതിബദ്ധതയെ അതോറിറ്റി പ്രശംസിച്ചു. സമൂഹത്തിന്‍റെ ഉയർന്ന ബോധവൽക്കരണത്തിന്‍റെയും ഉത്തരവാദിത്തത്തിന്‍റെയും പ്രതിഫലനമാണിത് എന്ന് അതോറിറ്റി വിശേഷിപ്പിച്ചു.
വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും, ദുരന്ത നിവാരണ-പ്രതികരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വേണ്ടി, ഔദ്യോഗികമല്ലാത്ത സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ പ്രചരിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അംഗീകൃത ചാനലുകൾ വഴിയുള്ള അപ്‌ഡേറ്റുകൾ മാത്രം പിന്തുടരണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ വീണ്ടും ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.