ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗം

പൈതൃകവും ജീവിതനിലവാരവും മെച്ചപ്പെടുത്തും ; ദുബൈയിൽ വൻ പദ്ധതികൾക്ക് അംഗീകാരം നൽകി ശൈഖ്​ ഹംദാൻ

ദുബൈ: എമിറേറ്റിലുടനീളമുള്ള ജീവിതനിലവാരം, നഗര സേവനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുതകുന്ന വൻ പദ്ധതികൾക്ക്​ അംഗീകാരം നൽകി ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. വ്യാഴാഴ്ച ദുബൈ മുനിസിപ്പാലിറ്റിയുടെ പുതിയ വികസന പദ്ധതികൾക്കാണ്​ ശൈഖ്​ ഹംദാൻ അധ്യക്ഷത വഹിച്ച യോഗം അംഗീകാരം നൽകിയത്​. തന്‍റെ ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിലൂടെയാണ് ശൈഖ്​ ഹംദാൻ ഈ തീരുമാനം പ്രഖ്യാപിച്ചത്.

പൈതൃകം, നവീകരണം, സുസ്ഥിരത എന്നിവ സമന്വയിപ്പിക്കുന്ന പദ്ധതികളിൽ നിക്ഷേപം നടത്താനുള്ള ദുബൈയുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ തീരുമാനങ്ങൾക്ക്​ പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘ദുബൈ ഫാൽക്കൺ മാർക്കറ്റ്’, ‘ദുബൈ ക്രീക്ക് ലൈറ്റിങ്​’, ദുബൈയിൽ 'ആദ്യമായി എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പാർക്ക് ഡിസൈൻ ചലഞ്ച്' എന്നിവ അംഗീകാരം ലഭിച്ച പദ്ധതികളിൽ ഉൾപ്പെടുന്നു. .

ദുബൈ ഫാൽക്കൺ മാർക്കറ്റ്

മേഖലയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സവിശേഷമായ ഫാൽക്കൺ മാർക്കറ്റിനാണ് ശൈഖ്​ ഹംദാൻ അംഗീകാരം നൽകിയത്. 50,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പദ്ധതിക്ക് അഞ്ചു കോടി ദിർഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു ഫാൽക്കൺ പരുന്തിന്‍റെ ചിറകുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്‍റെ വാസ്തുവിദ്യ രൂപകൽപന ചെയ്യുന്നത്. ഇതിൽ ഫാൽക്കണുകളെ വിൽക്കുന്ന പ്രത്യേക റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, അവക്കുള്ള സാമഗ്രികൾ, ഒരു വെറ്ററിനറി ക്ലിനിക്ക്, സാംസ്കാരിക-പൈതൃക പരിപാടികൾക്കുള്ള വേദികൾ എന്നിവ ഉണ്ടായിരിക്കും. എമിറാത്തി പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ദുബൈയിലെ ഗ്രാമീണ-മരുഭൂമി പ്രദേശങ്ങൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് ഈ വിപണി ഒരുങ്ങുന്നത്.

ദുബൈ ക്രീക്ക് ലൈറ്റിങ്​

ദുബൈ ക്രീക്കിന്‍റെ എട്ടു കിലോമീറ്റർ ഭാഗത്ത് സംയോജിത ലൈറ്റിങ്​ സംവിധാനം ഏർപ്പെടുത്തുന്ന പദ്ധതിയാണിത്. ഇത് വഴി ക്രീക്കിലെ നടപ്പാതകൾ, പ്രവേശന കവാടങ്ങൾ, പൈതൃക വിപണികൾ, വാട്ടർഫ്രണ്ട് വാക്ക്‌വേകൾ, കെട്ടിടങ്ങളുടെ മുൻഭാഗങ്ങൾ എന്നിവ ദീപാലംകൃതമാക്കും. പ്രദേശത്തിന്‍റെ ചരിത്രപരമായ സവിശേഷത നിലനിർത്തി, രാത്രികാലങ്ങളിൽ സന്ദർശകർക്കായി ഇത്​ മികവുറ്റ കേന്ദ്രമാക്കി മാറ്റും. 2027ന്‍റെ ആദ്യ പാദത്തിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ദുബൈയുടെ ചരിത്രപ്രധാനമായ പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്.

എ.ഐ പവേർഡ് പാർക്ക് ഡിസൈൻ ചലഞ്ച്

പാർക്കുകളുടെയും പൊതുസ്ഥലങ്ങളുടെയും ആസൂത്രണത്തിലും രൂപകൽപനയിലും പൂർണമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ സംരംഭമാണിത്. ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, ഗവേഷകർ, സർവകലാശാല വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, എ.ഐ വിദഗ്ധർ എന്നിവർക്കായാണ്​ ഈ മത്സരം. പങ്കെടുക്കുന്നവർ പാർക്ക് ഡിസൈനുകൾ വികസിപ്പിക്കുന്നതിന് എ.ഐ ടൂളുകളും ഡാറ്റാ അനലിറ്റിക്സും ഉപയോഗിക്കേണ്ടതുണ്ട്. പ്രാദേശിക നിവാസികളുടെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് അന്താരാഷ്ട്ര ജൂറിയാണ് മികച്ച എൻട്രികൾ തിരഞ്ഞെടുക്കുക.

Tags:    
News Summary - Sheikh Hamdan approves major projects in Dubai to enhance heritage and quality of life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.