23 കോടി ദിർഹമിന്‍റെ റോഡ്‌ വികസന പദ്ധതിയുമായി അജ്മാൻ നഗരസഭ

അജ്മാന്‍: നഗരമധ്യത്തിലെ റോഡുകൾ വികസിപ്പിക്കുന്നതിന്​ 23 കോടി ദിർഹത്തിന്‍റെ വികസന പദ്ധതിയുമായി അജ്മാൻ നഗരസഭ ആസൂത്രണ വകുപ്പ്. അടിസ്ഥാന സൗകര്യ കാര്യക്ഷമത വർധിപ്പിക്കുന്നതിനും താമസക്കാരുടെയും സന്ദർശകരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. ‘വിഷന്‍ 2030’ പദ്ധതിയുമായി സഹകരിച്ച് എമിറേറ്റിലെ റോഡ് ശൃംഖലയുടെ ഗുണനിലവാരവും കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തും. എമിറേറ്റിലെ സുപ്രധാന മേഖലകളിലെ റോഡ് ശൃംഖല വികസിപ്പിക്കുക, അതുവഴി ഗതാഗതം മെച്ചപ്പെടുത്തുക, റെസിഡൻഷ്യൽ, വാണിജ്യ, സേവന മേഖലകൾ തമ്മിലുള്ള ബന്ധം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന ഘട്ടങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.

റാശിദിയ, ലിവാര പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതി നഗരമധ്യത്തിൽ നേരിട്ട് വലിയ സ്വാധീനം ചെലുത്തും. റോഡുകൾ മൂന്ന് വരികളായി വികസിപ്പിക്കുന്നതോടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയായാല്‍ മണിക്കൂറിൽ 12000 ൽ അധികം വാഹനങ്ങളെ ഉൾക്കൊള്ളാനാകും. യാത്രാ സമയം 45 ശതമാനം വരെ കുറയും. നഗരത്തിലെ ഗതാഗത കുരുക്കുള്ള റാശിദിയ പാർക്ക് റൗണ്ട് എബൗട്ട്, സിഗ്നലോടെയുള്ള കവലയാക്കി മാറ്റും. ഇതിനോടനുബന്ധിച്ച് നടപ്പാതകളും ക്രോസ്‌വാക്കുകളും വികസിപ്പിക്കും. സ്മാർട്ട് ലൈറ്റിങ്​ സംവിധാനങ്ങൾ നടപ്പിലാക്കൽ, ആധുനിക ട്രാഫിക് സിഗ്നലുകൾ, വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ ജല ഡ്രെയിനേജ്, ജല പമ്പിങ്​ സ്റ്റേഷൻ എന്നിവ സ്ഥാപിക്കും. രണ്ടാം ഘട്ടത്തിൽ ശൈഖ് റാശിദ് ബിൻ ഹുമൈദ് സ്ട്രീറ്റിന്‍റെ വികസനം ലക്ഷ്യമിടുന്നു.

ലിവാര, റാശിദിയ, നഖീൽ, റുമൈല പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ പദ്ധതിയില്‍ കവലകൾ വികസിപ്പിക്കുക, നടപ്പാതകൾ മെച്ചപ്പെടുത്തുക, പാർക്കിങ്​ സൗകര്യം വികസിപ്പിക്കുക, ഡ്രെയിനേജ്​ സംവിധാനം എന്നിവ ഒരുക്കും. ഇത് വഴി കോർണിഷിലേക്ക് മണിക്കൂറിൽ 2787 വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കും. അജ്മാൻ ഗേറ്റ് റൗണ്ട്എബൗട്ടിലേക്ക് മണിക്കൂറിൽ 2142 വാഹനങ്ങളും സഞ്ചരിക്കും. ഇത് യാത്രാ സമയം 45 ശതമാനം കുറക്കും.

Tags:    
News Summary - Ajman Municipality announces AED 230 million road development project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.