ദുബൈ: ആറ് രാജ്യങ്ങളിലെ പൗരന്മാർക്കുകൂടി യു.എ.ഇ തങ്ങളുടെ ഓൺ-അറൈവൽ വിസ ആനുകൂല്യം വ്യാപിപ്പിച്ചു. ഇന്തോനേഷ്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, കെനിയ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ട് കൈവശമുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും യു.എ.ഇയിൽ എത്തുമ്പോൾ 14 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ വിസ ലഭിക്കും. എന്നാൽ, ഇവർക്ക് യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ, സിംഗപ്പൂർ, ജപ്പാൻ, കൊറിയ, ആസ്‌ട്രേലിയ, ന്യൂസിലൻഡ് അല്ലെങ്കിൽ കാനഡ എന്നിവയിലൊന്നിന്‍റെ സാധുവായ റസിഡൻസ് പെർമിറ്റ് (താമസവിസ) ഉണ്ടായിരിക്കണം.
സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സാമ്പത്തിക-സാംസ്കാരിക കൈമാറ്റങ്ങൾ വർദ്ധിപ്പിക്കുന്നതിനുമാണ് വിദേശകാര്യ മന്ത്രാലയവും ഫെഡറൽ അതോറിറ്റിയും ചേർന്ന് ഈ പുതിയ ഇളവ് കൊണ്ടുവന്നത്.
യാത്രാ നടപടികൾ ലളിതമാക്കുന്നതിലൂടെ ബിസിനസ്, നിക്ഷേപം, വിനോദസഞ്ചാരം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്താൻ ഈ തീരുമാനം സഹായിക്കും.
ഈ പുതിയ വിസകളിൽ 14 ദിവസത്തെ വിസ യു.എ.ഇയിൽ വെച്ച് തന്നെ ഒരു തവണ കൂടി നീട്ടാൻ സാധിക്കും. എന്നാൽ, 60 ദിവസത്തെ വിസ നീട്ടി നൽകില്ല. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ഈടാക്കും. 14 ദിവസത്തെ വിസക്ക് 100 ദിർഹവും 60 ദിവസത്തെ വിസക്ക് 250 ദിർഹവുമാണ് ആകെ ഇഷ്യൂവൻസ് ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.