റാസല്‍ഖൈമ: കോടികളുടെ വ്യാജ വിദേശ കറന്‍സികളുമായി ബിസിനസുകാരന് ഉള്‍പ്പെടെ മൂന്ന് അറബ് വംശജരെ അറസ്റ്റ് ചെയ്തതായി റാക് പൊലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളുമായി ചേര്‍ന്ന് നടത്തിയ ഓപറേഷനിലാണ് 75 ലക്ഷം ഡോളര്‍ വിലമതിക്കുന്ന വ്യാജ വിദേശ കറന്‍സികളുമായി പ്രതികളെ പിടികൂടിയത്. റാസല്‍ഖൈമയില്‍ ബിസിനസ് നടത്തുന്നയാള്‍ മറ്റു രണ്ട് വ്യക്തികളുടെ സഹായത്തോടെ നടത്തിയ വ്യാജ സാമ്പത്തിക ഇടപാട് സ്രോതസ്സില്‍ നിന്ന് ലഭിച്ച വിവരമാണ് അന്വേഷണത്തിലേക്ക് നയിച്ചത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാക് പൊലീസ് കുറ്റാന്വേഷണ വകുപ്പ് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചായിരുന്നു അന്വേഷണം. വ്യാജ കറന്‍സികളുടെ സാമ്പ്ളുകള്‍ സഹിതമാണ് മൂന്നുപേർ പിടിയിലായത്.
പ്രതികളെ പ്രോസിക്യൂഷന് കൈമാറി. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകര്‍ക്കുന്ന രീതിയില്‍ ഗുരുതര കുറ്റകൃത്യത്തിലാണ് പ്രതികള്‍ ഏര്‍പ്പെട്ടത്. ബിസിനസ് രംഗത്തുള്ളവരും പൗരസമൂഹവും ഇത്തരം കുറ്റവാളികളില്‍ അകപ്പെടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിർദേശിച്ചു. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയില്‍ സംശയം തോന്നുന്നവര്‍ ബന്ധപ്പെട്ട അധികാരികളെയും സുരക്ഷ ഏജന്‍സികളെയും അറിയിക്കണം. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നീതിപീഠത്തിന് മുന്നിലെത്തിക്കുന്നത് സമൂഹത്തിലെ സുരക്ഷിത ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമ്പത്തിക സുസ്ഥിരതയുടെ നേട്ടം ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.