ദുബൈ: രാജ്യത്ത് ആഗസ്റ്റ് മാസത്തിലും രേഖപ്പെടുത്തിയത് റെക്കോർഡ് ചൂട്. നേരത്തെ മേയ് മാസത്തിൽ ചരിത്രത്തിലെ ഏറ്റവും കനത്ത ചൂട് രാജ്യത്ത് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ദിനങ്ങൾ ആഗസ്റ്റിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് അൽഐനിലെ സ്വയ്ഹാനിലാണ് 51.8ഡിഗ്രി ചൂട് രേഖപ്പെടുത്തിയത്. ഇത് നേരത്തെ ആഗസ്റ്റിലെ റെക്കോർഡ് ചൂടായ 2017ലെ 51.4ഡിഗ്രിയെ മറികടക്കുന്നതാണിത്. 2017ൽ മിസൈറ എന്ന സ്ഥലത്താണ് റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരുന്നതെന്നും ദേശീയ കാലാവസ്ഥ നീരിക്ഷണ കേന്ദ്രം വെളിപ്പെടുത്തി. ആഗസ്റ്റിലെ ശരാശരി താപനില 34.7ഡിഗ്രിക്കും 36.5ഡിഗ്രിക്കും ഇടയിലാണ് പ്രവചിക്കപ്പെടുന്നത്.
ഇന്ത്യൻ മൺസൂൺ മൂലമുണ്ടാകുന്ന ന്യൂനമർദമാണ് രാജ്യത്ത് താപനില വർധിക്കുന്നതിന് കാരണമാകുന്നത്. രാജ്യത്തെ കിഴക്കൻ പർവത മേഖലകളിലും തെക്കൻ പ്രദേശങ്ങളിലും മേഘങ്ങൾ രൂപപ്പെടാനും കനത്ത ചൂട് കാരണമാകുന്നുണ്ട്. ഇക്കാരണത്താലാണ് പലയിടങ്ങളിലും വേനൽമഴ ശക്തമായി ലഭിക്കുന്നത്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ മഴ ലഭിക്കാനുള്ള കാരണം രാവിലെയും ഉച്ചക്കും രൂപപ്പെടുന്ന കനത്ത ചൂടാണ്. അൽഐൻ അടക്കമുള്ള ഭാഗങ്ങളിലും ചില മലയോര പ്രദേശങ്ങളിലും കനത്ത മഴയാണ് ചിലദിവസങ്ങളിൽ ലഭിച്ചത്.
ആഗസ്റ്റ് മാസത്തിൽ തെക്കുകിഴക്കൻ കാറ്റ് രാത്രികളിലും രാവിലെയും സാധാരണമാണ്. അതോടൊപ്പം പകൽ സമയങ്ങളിൽ വടക്കൻ കാറ്റും അനുഭവപ്പെടാറുണ്ട്. ഇതെല്ലാം പലപ്പോഴും പൊടിക്കാറ്റിനും കാരണമാകുന്നുണ്ട്. ആഗസ്റ്റിലെ ശരാശരി ഈർപ്പം കണക്കാക്കുന്നത് 47ഡിഗ്രിയാണ്. ഇത് ജൂലെ മാസത്തേക്കാൾ അൽപം കൂടുതലുമാണ്. ഈർപ്പം പരമാവധി 63ശതമാനം മുതൽ 80ശതമാനം വരെ വർധിക്കാനും സാധ്യതയുണ്ട്. ഇക്കാരണത്താലാണ് രാവിലെയും വൈകുന്നേരങ്ങളിലും ഈർപ്പം അനുഭവപ്പെടുന്നത്.
ഈ വർഷം മേയിൽ രാജ്യത്ത് ചുട് 50ഡിഗ്രി കടന്നിരുന്നു. 2003ൽ താപനില രേഖപ്പെടുത്തുന്നത് ആരംഭിച്ചതിന് ശേഷം മേയ് മാസത്തിൽ അടയാളപ്പെടുത്തിയ ഏറ്റവും വലിയ ചൂടാണിതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2009ൽ രേഖപ്പെടുത്തിയ 50.2ഡിഗ്രി ചൂടാണ് അവസാനമായി മേയിൽ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചൂട്.വേനൽ മാസങ്ങളിൽ കനത്ത താപനിലക്ക് സാധ്യതയുള്ള രാജ്യത്ത്, സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഏപ്രിൽ മാസത്തിലും ശരാശരി പ്രതിദിന ഉയർന്ന താപനില 42.6ഡിഗ്രി വരെ ഏപ്രിലിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.