അബൂദബി: കൊടുംചൂട് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പോവുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസിനും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായി ഉയരുമെന്ന കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തിനു പിന്നാലെയാണ് പൊലീസിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില ചിലയിടങ്ങളില്‍ 50 ഡിഗ്രി വരെ ഉയരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോക്ക് ചെയ്ത വാഹനങ്ങള്‍ക്കുള്ളില്‍ കുട്ടികളെ തനിച്ചാക്കി പോവുന്നത് ഓക്സിജൻ ലഭ്യതക്കുറവിനും സൂര്യാഘാതത്തിനും ഇടയാക്കുമെന്നും ഇതിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ കുട്ടികൾ അപകടകരമായ സാഹചര്യത്തിൽ എത്തിച്ചേരാമെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു. കുട്ടികള്‍ അബദ്ധത്തില്‍ വാഹനം ലോക്കാക്കുകയോ ഗിയര്‍ മാറ്റുകയോ അടക്കമുള്ള പ്രവൃത്തികള്‍ ചെയ്താലും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാവുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
കുട്ടികളുടെ ജീവന് അപകടത്തിലാക്കുന്ന ഇത്തരം ചെയ്തികള്‍ ക്രിമിനല്‍ കുറ്റമാണെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ 5000 ദിര്‍ഹമില്‍ കുറയാത്ത പിഴയും തടവും ശിക്ഷ ലഭിച്ചേക്കാമെന്നും പൊലീസ് വ്യക്തമാക്കി. കുട്ടികളെ വാഹനങ്ങളിലിരുത്തി മാതാപിതാക്കളും മറ്റും ഷോപ്പിങ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഇറങ്ങിപ്പോവുന്ന നടപടികള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്. പലപ്പോഴും കുട്ടികളുടെ മരണത്തിന് വരെ കാരണമാകുന്ന സംഭവങ്ങൾ മുൻകാലങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മേയ് മാസത്തിലെ യു.എ.ഇയിലെ ഏറ്റവും ഉയര്‍ന്ന അന്തരീക്ഷ താപനില ശനിയാഴ്ച അല്‍ഐനിൽ (51.6 ഡിഗ്രി സെല്‍ഷ്യസ്)രേഖപ്പെടുത്തിയിരുന്നു. 2009 മേയില്‍ രേഖപ്പെടുത്തിയ 50.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇതിനു മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന അന്തരീക്ഷ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.