എക്സ്പോ വില്ലേജ് താമസക്കാർക്കായി ഒരുങ്ങുന്നു
ദുബൈ: ലോകത്തെ വിസ്മയിപ്പിച്ച വിശ്വമേളയുടെ നഗരിക്ക് സമീപത്തായി എക്സ്പോ വില്ലേജ് എന്നപേരിൽ താമസമേഖല സജ്ജമാകുന്നു. എക്സ്പോ നഗരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ വില്ലേജിൽ ആയിരക്കണക്കിന് അപ്പാർട്ട്മെന്റുകളും സൈക്ലിങ് പാതകളും കടകളും കഫേകളും ഉൾക്കൊള്ളുന്നുണ്ട്. 38,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കും റണിങ് ട്രാക്കും സൈക്ലിങ് പാതയുമുള്ള എക്സ്പോ വില്ലേജ് താമസത്തിന് തികച്ചും യോജിച്ച സ്ഥലമായാണ് രൂപകൽപന ചെയ്തത്. ഭാവിയുടെ നഗരമായി എക്സ്പോ നഗരിയിൽ ഉയർന്നുവരുന്ന 'ഡിസ്ട്രിക്ട് 2020'ന്റെ ഭാഗമായി ഈ വില്ലേജ് മാറും.
എക്സ്പോ നഗരിയുടെ പ്രവേശനകവാടത്തിനടുത്തുനിന്ന് മിനിറ്റുകൾ മാത്രം അകലത്തിലുള്ള വില്ലേജിലെ നാല് വ്യത്യസ്ത ക്ലസ്റ്ററുകളായി 15 കെട്ടിടങ്ങൾ ചേർന്നതാണ് പാർപ്പിടസമുച്ചയം. നേരത്തെ എക്സ്പോയിൽ പ്രവർത്തിക്കാനായി എത്തിയ വിദേശപ്രതിനിധികളുടെ താമസസ്ഥലമായാണ് ഇത് ഉപയോഗിച്ചിരുന്നത്. നാല് ക്ലസ്റ്ററുകളിലായി 2273 അപ്പാർട്ട്മെന്റുകളാണുള്ളത്. എക്സ്പോ സമയത്ത് ഇതിൽ 97 ശതമാനവും നിറഞ്ഞിരുന്നു. എന്നാൽ, ഈ ജീവനക്കാരുടെ കരാർ അവസാനിക്കുന്നതോടെ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവരെല്ലാം ഒഴിയുമെന്ന് അപ്പാർട്ട്മെന്റ് ചുമതലയുള്ള ദുബൈ വേൾഡ് ട്രേഡ് സെന്റർ പ്രോജക്ട് മാനേജർ മഹ്മൂദ് അൽ നായിബ് പറഞ്ഞു. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ അപ്പാർട്ട്മെന്റുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റുഡിയോ മുതൽ മൂന്ന് ബെഡ് റൂം അപ്പാർട്ട്മെൻറുകൾ വരെയും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഇതിന്റെ വില അധികൃതർ പുറത്തുവിട്ടിട്ടില്ല. കുടുംബങ്ങൾ, ദമ്പതികൾ, സ്റ്റാർട്ടപ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രഫഷനലുകൾ തുടങ്ങി സമൂഹത്തിലെ വിവിധങ്ങളായ വിഭാഗത്തിൽ പെട്ടവരെ ഇവിടേക്ക് ആകർഷിക്കാനാണ് അധികൃതർ പദ്ധതിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.